സുരേഷ് ഗോപി എംപിയെ ലബനോനിലെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിച്ച്‌ പാത്രിയര്‍ക്കീസ് ബാവ

  • 22/03/2025

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ലബനനിലെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിച്ച്‌ പാത്രിയാർക്കീസ് ബാവ. യാക്കോബായ സഭയുടെ അദ്ധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേല്‍ക്കുന്ന ചടങ്ങിലേക്കാണ് പാത്രിയാർക്കീസ് ബാവയുടെ ഓഫീസ് സുരേഷ് ഗോപിയെ ക്ഷണിച്ചത്.

കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയെന്ന നിലയില്‍ സുരേഷ് ഗോപിയുടെ സാന്നിദ്ധ്യം ചടങ്ങിന് ആദരമാകുമെന്ന് കത്തില്‍ പാത്രിയാർക്കീസ് ബാവയുടെ ഓഫീസ് കേന്ദ്രമന്ത്രിയെ അറിയിച്ചു. കേന്ദ്രസർക്കാർ നിശ്ചയിച്ച പ്രതിനിധി സംഘത്തില്‍ സുരേഷ് ഗോപി ഉള്‍പ്പെട്ടിരുന്നില്ല.

ഇതിന് പിന്നാലെയാണ് പാത്രിയാർക്കീസ് ബാവയുടെ ഓഫീസ് നേരിട്ട് സുരേഷ് ഗോപിയെ കത്തെഴുതി ക്ഷണിച്ചത്. ബിജെപി നേതാക്കളായ വി മുരളീധരൻ, ഷോണ്‍ ജോർജ്ജ്, അല്‍ഫോണ്‍സ് കണ്ണന്താനം കോണ്‍ഗ്രസ് എം പി ബെന്നി ബെഹനാൻ എന്നിവരാണ് കേന്ദ്രം നിശ്ചയിച്ച പ്രതിനിധി സംഘത്തില്‍ ഉള്ളത്. എംഎല്‍എ മാരടക്കം മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ സംസ്ഥാന സർക്കാരും പ്രതിനിധി സംഘത്തെ നിശ്ചയിച്ചിട്ടുണ്ട്.

Related News