അധ്യക്ഷനായി തുടരാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് കെ സുരേന്ദ്രൻ; എംടി രമേശും ശോഭ സുരേന്ദ്രനുമടക്കം പദവിക്ക് യോഗ്യര്‍

  • 23/03/2025

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കാലാവധി കഴിയുമ്ബോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് പദവിയൊഴിയുന്ന കെ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്‍റെ നാമനിര്‍ദേശ പത്രിക മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

രാജീവ് ചന്ദ്രശേഖറിന്‍റെ കഴിവുകളെ കുറച്ചു കാണേണ്ട കാര്യമില്ല. പുതിയ അധ്യക്ഷൻ നൂലില്‍ കെട്ടിയിറക്കിയ ആളല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ മെയ്യ് വഴക്കമുള്ള രാഷ്ട്രീയ പ്രവർത്തകനാണെന്നും പാർട്ടിയെ നയിക്കാൻ യോഗ്യനാണെന്നും ഓരോ വ്യക്തിയുടെയും അനിവാര്യത കേന്ദ്ര നേതൃത്വത്തിന് ബോധ്യമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സിപിഎം-ബിജെപി ഒത്തുതീർപ്പ് രാഷ്ട്രീയ ആരോപണം യുഡിഎഫ് പടച്ചുവിടുന്ന പ്രചാരണം മാത്രമാണ്. രണ്ടാം സ്ഥാനക്കാരായ അവരെ മൂന്നാം സ്ഥാനക്കാർ മറിക്കടക്കുമോ എന്ന വേവലാതിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അധ്യക്ഷനായി ചുമതലയേറ്റശേഷം ഒന്നര വര്‍ഷത്തോളം കോവിഡ് ലോക്ക് ഡൗണും നിയന്ത്രണവുമായിരുന്നു. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നു. ശരിക്കും രണ്ടര വര്‍ഷമാണ് സംഘടനയെ സജീവമാക്കാൻ ലഭിച്ചത്. അഞ്ചുവര്‍ഷം അധ്യക്ഷൻ സ്ഥാനം പൂര്‍ത്തിയാക്കിയ എല്ലാവരും മാറി. പിന്നെ താൻ മാത്രം അവിടെ തുടരുന്നതില്‍ അര്‍ത്ഥമില്ല.ബിജെപിക്കുള്ളില്‍ നേതൃപദവി ഏറ്റെടുക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചതിനാലാണ് അധ്യക്ഷൻ ആരാകുമെന്ന ചര്‍ച്ചകളുണ്ടായത്.

Related News