രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രള്‍ഹാദ് ജോഷി

  • 24/03/2025

സംസ്ഥാന ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രള്‍ഹാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു.കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തില്‍ മുന്നോട്ട് വെച്ചത്.

നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സിലില്‍ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് സീനിയർ നേതാക്കള്‍ക്ക് പകരം ടെക്നോ ക്രാറ്റായ രാജീവ് ചന്ദ്രശേഖർ ബിജെപി അധ്യക്ഷനാകുന്നത്. പാർട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ക്ക് അപ്പുറം യുവാക്കളെയും പ്രൊഫഷണലുകളെയും കൂടി ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് രാജീവ് വഴിയുള്ള പരീക്ഷണം . തിരുവനന്തപുരത്ത് ലോക് സഭാ തെരഞ്ഞെടുപ്പില്‍ കാണിച്ച പോരാട്ടവീര്യവും കണക്കിലെടുത്തു. ഓസ്ട്രേലിയയില്‍ എഐ സെമിനാറിലേക്ക് പോകാനൊരുങ്ങിയ രാജീവിനോട് തിരുവനന്തപുരത്ത് കോർകമ്മിറ്റി യോഗത്തിനെത്താനുള്ള ദില്ലി നിർദ്ദേശത്തില്‍ തന്നെ സൂചനയുണ്ടായിരുന്നു. രാവിലെ കോർകമ്മിറ്റിക്ക് മുമ്ബ് പ്രകാശ് ജാവഡേക്കർ ആദ്യം രാജിവ് ചന്ദ്രശേഖറിനോട് സംസാരിച്ചു. പിന്നെ നേതാക്കളെ ഒറ്റക്ക് ഒറ്റക്ക് കണ്ട് അധ്യക്ഷൻ രാജീവാണെന്ന സന്ദേശം അറിയിച്ചു. ശേഷം യോഗത്തില്‍ ഔദ്യോഗിക അറിയിപ്പുണ്ടായി.

അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന നേതാക്കളുടേയും സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരുടേയും സാന്നിധ്യത്തില്‍ ഇന്നലെ ഉച്ചയോ‍‍ടെയാണ് രാജീവ് ചന്ദ്രശേഖർ വരണാധികാരിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

Related News