എയിംസ് വരുമോ? കേന്ദ്രം അനുകൂലമെന്ന് കെവി തോമസ്

  • 24/03/2025

സംസ്ഥാനത്തു എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തി. വിഷയത്തില്‍ അനുകൂല നിലപാട് കേന്ദ്രം അറിയിച്ചതായി കെവി തോമസ് വ്യക്തമാക്കി. ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ എംയിസിന്റെ ചുമതലയുള്ള മുതിർന്ന സെക്രട്ടറി അങ്കിത മിശ്ര ബുണ്ടേലയുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. കേരള ഹൗസ് അഡീഷണല്‍ റസി‍ഡന്റ് കമ്മീഷണർ ചേതൻ കുമാർ മീണയും ചർച്ചയില്‍ ഇരുവർക്കുമൊപ്പമുണ്ടായിരുന്നു. 

കേന്ദ്രം അനുവദിക്കുന്ന നാല് പുതിയ എയിംസ് സ്ഥാപനങ്ങളില്‍ ഒന്ന് കേരളത്തിനു അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നു കെവി തോമസ് പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിനായി സംസ്ഥാന സർക്കാർ കോഴിക്കോട് സ്ഥലം നിർദ്ദേശിച്ചിട്ടുണ്ട്. എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും തോമസ് വ്യക്തമാക്കി.

തിരുവനന്തപുരം ശ്രീചിത്രക്ക് കേന്ദ്ര ധനസഹായം ലഭിച്ചു. മൂന്ന് മെഡിക്കല്‍ കോളജുകളുടെ നവീകരണം ഉറപ്പാക്കിയെന്നും പ്രൊഫ. തോമസ് പറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ക്ക് കേന്ദ്ര സർക്കാരില്‍ നിന്ന് സാമ്ബത്തിക സഹായം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയിംസിനുള്ള അന്തിമ അംഗീകാരം കിട്ടുന്നതുമായി ബന്ധപ്പെട്ടു അടിസ്ഥാന സൗകര്യങ്ങള്‍, റോഡ്, റെയില്‍, വ്യോമ ഗതാഗത സൗകര്യങ്ങള്‍, ദേശീയ പാതകളുടെ സാമീപ്യം എന്നിവ വിലയിരുത്താൻ കേന്ദ്ര സംഘം സ്ഥലം സന്ദർശിക്കും. പാർലമെന്റ് സമ്മേളനം കഴിഞ്ഞാലുടൻ കേന്ദ്ര സംഘം സ്ഥലം സന്ദർശിക്കുമെന്നു മുതിർന്ന സെക്രട്ടറി വ്യക്തമാക്കി.

Related News