സംസ്ഥാനത്ത് അടുത്ത തവണയും എല്‍ഡിഎഫ് ഭരിക്കുമെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫിൻ്റെ കുഴപ്പം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുകയെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ മാന്യനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച അദ്ദേഹം പിസി ജോർജിനെ നിശിതമായി വിമർശിച്ചു. ലൗ ജിഹാദ് വാദം പിസി ജോർജ് ബിജെപി സുഖിപ്പിക്കാൻ വേണ്ടിയാണ് ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ തണ്ടനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ കാര്യമാണ്. രാജീവ് ചന്ദ്രശേഖർ മാന്യനായ വ്യക്തിയാണ്. അദ്ദേഹമല്ലാതെ വേറെ ആരു വന്നാലും സംസ്ഥാന ബിജെപിയില്‍ കൂട്ട കലഹമുണ്ടാകും. പിസി ജോർജിന്റെ ലൗ ജിഹാദ് പരാമർശം ബിജെപിയെ സുഖിപ്പിക്കാൻ വേണ്ടി പറയുന്നതാണ്. ഭക്ഷണം കഴിക്കാനും നുണ പറയാനും മാത്രം വാ തുറക്കുന്നയാളാണ് പി സി ജോർജ്. ഇവരെല്ലാം അടിഞ്ഞ് കൂടുന്നത് ബിജെപിയിലാണ്. ആർക്കും വേണ്ടാത്തവർ അടിഞ്ഞുകൂടുന്ന സ്ഥലമായി ബിജെപി മാറി.'
'ചീഫ് സെക്രട്ടറിയുടെ വർണ്ണ വിവേചന പോസ്റ്റ് ഇപ്പോഴും വർണ്ണ വിവേചനം നിലനില്‍ക്കുന്നതിൻ്റെ തെളിവാണ്. സ്വകാര്യ സർവകലാശാല നല്ലതാണ്. ഷർട്ട് ഇടാതെ ക്ഷേത്രപ്രവേശനം എന്നത് ശിവഗിരി മഠത്തില്‍ നിന്ന് വന്ന ഉള്‍വിളിയല്ല. മൂന്ന് വർഷം മുൻപ് താൻ ഷർട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറി. മാറ്റങ്ങള്‍ സ്വാഭാവികമായി വരും. യാഥാസ്ഥിതിക ചിന്തകർ അതിനെ എതിർക്കും.'
'2026 നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം ജയിക്കും, ഭരിക്കും. അത് യുഡിഎഫിന്റെ ദോഷം കൊണ്ടാണ്. യുഡിഎഫില്‍ 5 പേർ മുഖ്യമന്ത്രിയാകാൻ നില്‍ക്കുകയാണ്. കെപിസിസി പ്രസിഡന്റിനെ എപ്പോഴും ചീത്ത പറയുകയല്ലേ വി.ഡി സതീശൻ ചെയ്യുന്നത്. ഇടയ്ക്ക് എന്നെയും പറയും. അവൻ തണ്ടനാണെന്നും പ്രതിപക്ഷ നേതാവിനെ വെള്ളാപ്പള്ളി വിമർശിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?