ശുചിത്വമിഷൻ പഠനത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലെന്ന് മന്ത്രി; നില അപകടകരം, കിണറിലടക്കം വര്‍ധിച്ച കോളിഫോം ബാക്ടീരിയ

  • 27/03/2025

കേരളത്തിലെ 82ശതമാനം പൊതുജലാശയങ്ങളിലും 78 ശതമാനം വീട്ടുകിണറുകളും മനുഷ്യവിസർജ്യത്തില്‍നിന്നുള്ള കോളിഫോം ബാക്ടീരിയ അപകടകരമായ അളവിലാണെന്ന് മന്ത്രി എംബി.രാജേഷ്. ശുചിമുറി മാലിന്യം പുഴയിലും കായലിലും മറ്റു ജലസ്രോതസുകളിലും തള്ളുകയാണെന്നും കരിമീനൊക്കെ കഴിക്കുമ്ബോള്‍ ഇത് ഓർമയില്‍ വേണമെന്നും മന്ത്രി പറഞ്ഞു.

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷനും കേരള പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ചു നടത്തിയ മാധ്യമശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു. 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷൻ നടത്തിയ പഠനത്തിലാണു ഞെട്ടിപ്പിക്കുന്ന കണ്ടെത്തലെന്നും മന്ത്രി പറഞ്ഞു. ഭൂരിഭാഗം വീടുകളിലം ശാസ്ത്രീയമായി നിർമിച്ച സെപ്റ്റിക് ടാങ്കുകള്‍ ഇല്ല. കിണറും ടാങ്കും തമ്മില്‍ ആവശ്യമായ അകലം ഇല്ല. 3 വർഷം കൂടുമ്ബോള്‍ ടാങ്കുകളിലെ സെപ്റ്റേജ് മാലിന്യം നീക്കുന്നതാണു ശാസ്ത്രീയം. ഇതിനായി പ്രവർത്തിക്കുന്ന പല സംഘങ്ങളും അവ പുഴയിലും കായലിലും തള്ളുന്നു.

കൊച്ചി നഗരത്തില്‍ ഒരു ദിവസം മാത്രം 250 ടാങ്കർ മാലിന്യം ഇങ്ങനെ തള്ളുന്നു. ശുചിമുറി മാലിന്യസംസ്കരണ പ്ലാന്റുകള്‍ക്കു സ്ഥലം കണ്ടെത്തിയെന്നും ചേർത്തയിലേത് നാളെ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ വ്യക്തിശുചിത്വത്തിലെ പുരോഗതി പൊതുശുചിത്വത്തില്‍ ഉണ്ടായിട്ടില്ല. മയക്കുമരുന്നു വ്യാപനത്തിന് എതിരെ ബോധവല്‍ക്കരണം നടത്തുന്നതില്‍ മാതൃകയായ കേരളത്തിലെ മാധ്യമങ്ങള്‍ മാലിന്യസംസ്കരണത്തിലും ജനങ്ങളുടെ മനോഭാവം മാറ്റാൻ പിന്തുണ നല്‍കണമെന്ന് മന്ത്രി അഭ്യർഥിച്ചു. 

Related News