മാസപ്പടി കേസില്‍ ഇന്ന് നിര്‍ണായകം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

  • 27/03/2025

മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്ബനിയായ സിഎംആർ എല്ലും തമ്മില്‍ നടത്തിയ സാമ്ബത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെ മാത്യു കുഴല്‍നാടൻ എം എല്‍ എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 

ഹർജിയില്‍ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴല്‍നാടന്‍റെ ഹർജി. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്ബനി സിഎം ആർ എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയില്‍ വരുമെന്നുമാണ് വാദം. ഹർജിയില്‍ മാസങ്ങള്‍ക്കുമുമ്ബ് വാദം പൂ‍ർത്തിയാക്കിയ സിംഗിള്‍ ബെഞ്ച്, കേസ് ഉത്തരവിനായി മാറ്റുകയായിരുന്നു.

വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്ബനിക്കും ഇല്ലാത്ത സോഫ്ട് വെയർ സേവനത്തിന്‍റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്‍റ് ബോർഡിന്‍റെ കണ്ടെത്തല്‍. ഇതുകൂടാതെ ലോണ്‍ എന്ന പേരിലും അരക്കോടിയോളം രൂപ നല്‍കിയിരുന്നു. ഇത് സംബന്ധിച്ചാണ് ഇഡിയും കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്.

Related News