എംപുരാനില്‍ ഗോധ്ര പരാമര്‍ശമില്ല, ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം വെട്ടിമാറ്റി; പ്രതികരിച്ച്‌ സെന്‍സര്‍ ബോര്‍ഡ് അംഗം

  • 29/03/2025

എംപുരാന്‍ സിനിമയെച്ചൊല്ലി വിവാദമുണ്ടാക്കുന്നവര്‍ സിനിമ കാണാത്തവരാണെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറിയുമായ ജിഎം മഹേഷ്.

എംപുരാനില്‍ ഗോധ്രയെക്കുറിച്ച്‌ ഒരു പരാമര്‍ശവുമില്ലെന്ന് മഹേഷ് പറഞ്ഞു. പറയുന്നത് ഗോധ്രയെക്കുറിച്ചാണോ എന്നൊക്കെ വ്യാഖ്യാനിക്കുന്നത് കാണുന്നവരുടെ വിവേചനാധികാരമാണെന്ന് മഹേഷ് പറഞ്ഞു. എംപുരാനെതിരെ ബിജെപി കേന്ദ്രങ്ങളില്‍നിന്നു തന്നെ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് മഹേഷിന്റെ പ്രതികരണം.

സെന്‍സര്‍ ബോര്‍ഡിന് നിയമത്തിനു കീഴില്‍ നിന്നു മാത്രമേ പ്രവര്‍ത്തിക്കാനാവൂവെന്ന് മഹേഷ് പറഞ്ഞു. സിനിമ സര്‍ട്ടിഫൈ ചെയ്യുന്നതില്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പതിനാറു വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം കാണാവുന്ന സിനിമകള്‍ (യുഎ 16+), പതിമൂന്നു വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം കാണാവുന്ന സിനിമകള്‍ (യുഎ 13+), ഏഴു വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം കാണാവുന്ന ചിത്രങ്ങള്‍ (യുഎ 7+) എന്നിങ്ങനെയാണ് മാനദണ്ഡം. 

എംപുരാന് യുഎ 16+ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്. ചിത്രത്തില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന, 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗമുണ്ടായിരുന്നു. അതു കട്ട് ചെയ്തു. അതു നാലു സെക്കന്‍ഡ് ആക്കി ചുരുക്കി. ദേശീയപതാകയിലെ പച്ച ചൂണ്ടി ഒരു കഥാപാത്രം വര്‍ഗീയത പറയുന്ന രംഗമുണ്ടായിരുന്നു. അതും ഒഴിവാക്കിയെന്ന് മഹേഷ് പറഞ്ഞു.

എംപുരാന്‍ സിനിമയെക്കുറിച്ച്‌ ഇന്നലെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സംഘപരിവാര്‍ ബന്ധമുള്ള സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് സിനിമയ്ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാമായിരുന്നു എന്ന വിധത്തില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Related News