കുറ്റപത്രത്തില്‍ നവീൻ ബാബുവിൻ്റെ കുടുംബത്തിന് അതൃപ്‌തി; 'അന്വേഷണത്തിന് മറ്റൊരു ഏജൻസി വേണം'; നിയമപോരാട്ടം തുടരും

  • 29/03/2025

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കുറ്റപത്രത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം. നവീൻ ബാബുവിൻ്റെ സഹോദരനും നവീൻ ബാബുവിൻ്റെ ഭാര്യയും വീട്ടില്‍ വിളിച്ചുചേ‍ർത്ത വാർത്താ സമ്മേളനത്തിലാണ് പ്രതികരണം അറിയിച്ചത്. നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കെടുത്തവരെ കുറിച്ച്‌ അന്വേഷിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു. പി പി ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണം നടന്നത്. അതുകൊണ്ടാണ് പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് നേരത്തെ പറഞ്ഞത്.

എസ്‌ഐടി വന്നിട്ടും ഗുണമുണ്ടായില്ല. ആദ്യം പൊലീസ് സംഘം അന്വേഷിച്ചതില്‍ നിന്ന് വ്യത്യാസമൊന്നും എസ്‌ഐടിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി തോന്നുന്നില്ല. വേറൊരു അന്വേഷണ ഏജൻസി വേണമെന്ന നിലപാടില്‍ നിയമ പോരാട്ടം തുടരും. സുപ്രീം കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഒക്ടോബർ 15നാണ് കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബു സർക്കാർ ക്വട്ടേഴ്സില്‍ ജീവനൊടുക്കിയത്. ചെങ്ങളായിയിലെ പെട്രോള്‍ പമ്ബിന് അനുമതി കിട്ടാൻ കൈക്കൂലി നല്‍കിയെന്ന് ആരോപണമുന്നയിച്ച ടി.വി.പ്രശാന്തനെ പ്രതി ചേർക്കണമെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും നവീൻ ബാബുവിന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊലപാതകമെന്ന സൂചനകളുമില്ല. അടിവസ്ത്രത്തില്‍ രക്തക്കറ കണ്ടെത്തിയതിലടക്കം അസ്വാഭാവികതയില്ലെന്ന് പരിശോധനാഫലങ്ങള്‍.

Related News