വാഹനപരിശോധനക്കിടെ സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുല്‍ പൊലീസിന്‍റെ മുന്നില്‍; കാറുപേക്ഷിച്ച്‌ ഓടിരക്ഷപ്പെട്ടു

  • 29/03/2025

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുല്‍ പൊലീസിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടു. ആലുവ എടത്തല വെച്ച്‌ വാഹന പരിശോധനക്കിടെയാണ് സംഭവം. പ്രതി സഞ്ചരിച്ച കാർ പൊലീസ് തടഞ്ഞു. കാർ ഉപേക്ഷിച്ച്‌ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ സമയം ഭാര്യയും കുഞ്ഞും ഇയാള്‍ക്ക് ഉണ്ടായിരുന്നു. ഇവരെ കാറിനുള്ളില്‍ ഉപേക്ഷിച്ചാണ് അതുല്‍ രക്ഷപ്പെട്ടത്.

കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 5 പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. അതുല്‍, ഹരി, പ്യാരി, രാജപ്പൻ എന്നിവരുടെയും ക്വട്ടേഷൻ നല്‍കിയെന്ന് സംശയിക്കുന്ന പങ്കജിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്. രണ്ട് ദിവസം മുന്‍പാണ് യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികള്‍ക്കായുള്ള വിപുലമായ അന്വേഷണത്തിലാണ് പൊലീസ്. ഇപ്പോഴും പ്രതികള്‍ ഒളിവില്‍ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

5 പ്രതികളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇവരില്‍ നാലുപേർ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരാണ്. ക്വട്ടേഷൻ നല്‍കിയെന്ന് സംശയിക്കുന്നയാളാണ് പങ്കജ് എന്നയാള്‍. പങ്കജിനെ നേരത്തെ കൊല്ലപ്പെട്ട സന്തോഷ് ആക്രമിച്ചിരുന്നു. ഈ കേസിലാണ് വധശ്രമം ഉള്‍പ്പെടെ ചുമത്തപ്പെട്ട സന്തോഷ് ജയിലില്‍ കഴിഞ്ഞത്. പങ്കജിനെ സന്തോഷ് കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. ഇതിന്റെയൊക്കെ പ്രതികാരമായി ക്വട്ടേഷൻ നല്‍കി കൊലപ്പെടുത്തിയതാകാമെന്ന് നിഗമനത്തിലാണ് പൊലീസ്. 

Related News