ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ഫോണിന്‍റെ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമാകും, ഒളിവിലുള്ള സുകാന്തിനായി അന്വേഷണം

  • 30/03/2025

ഇന്‍റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ മേഘ ട്രെയിൻതട്ടി മരിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശിയായ സഹപ്രവർത്തകന്‍റെ വിവരങ്ങള്‍ തേടി പൊലീസ്. സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് കാരണമാണ് മകള്‍ മരിച്ചതെന്ന് മേഘയുടെ അച്ഛൻ ആരോപിച്ചിരുന്നു. വിവാഹ വാഗ്ദാനം നല്‍കി മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് മേഘയെ സാന്പത്തികമായി ചൂഷണം ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം.

സുകാന്തിന്‍റെ വിവരങ്ങള്‍ തേടി പൊലീസ് ഇന്ന് ഐബിക്കു കത്ത് നല്‍കും. ഐബി ഉദ്യോഗസ്ഥന്‍റെ അവധിയടക്കമുള്ള വിവരങ്ങള്‍ തേടിയാണ് പൊലീസ് ഐബിയെ സമീപിക്കുന്നത്. സുകാന്തിനെ തേടി കഴിഞ്ഞ ദിവസം പൊലീസ് മലപ്പുറത്തെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഇയാളെ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നും ഉദ്യോഗസ്ഥൻ മുൻകൂർ ജാമ്യത്തിനു ശ്രമം ആരംഭിച്ചതായി സൂചനയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്‌റെ നീക്കം. 

അതേസമയം മേഘയുടെ മരണത്തിലെ പൊലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പൊലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛൻ മധുസൂദനൻ ആരോപിച്ചു. ആദ്യഘട്ടത്തില്‍ തന്നെ സുകാന്തിനെതിരെ പൊലീസിന് പരാതി നല്‍കിയതാണ്. എന്നാല്‍ കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പൊലീസ് ഇത് ഗൗരവമായി എടുത്തില്ല. ഒളിവില്‍ പോകാൻ സുകാന്തിന് ഇത് സഹായമായി എന്ന് മേഘയുടെ അച്ഛൻ ആരോപിച്ചു. 

ഒളിവില്‍ പോയ സുകാന്തിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്. മേഖയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. മൊബൈല്‍ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലവും നിർണായകമാണ്. ഐബി നേരത്തെ തന്നെ സുകാന്തിന്‍റെ മൊഴിയെടുത്തിരുന്നു. ജോലിയില്‍നിന്ന് മാറ്റിനിർത്തി ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഐബി നല്‍കുന്ന വിശദീകരണം.

Related News