'സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സീറ്റില്ല'; തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്

  • 07/04/2025

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വജനപക്ഷപാതം അവസാനിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. മണ്ഡലം കമ്മിറ്റി മുതല്‍ ഡിസിസി വരെയുള്ള തലങ്ങളിലുള്ള നേതാക്കളുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ക്ക് കാരണമായെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പലയിടത്തും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതന്‍മാര്‍ മത്സരിച്ചതും രലയിടത്തും പരാജയത്തിന് കാരണമായെന്നും നേതൃത്വം വിലയിരുത്തുന്നു.

സാഹചര്യം വിശദമായി പരിശോധിച്ചെന്നും വാര്‍ഡ് കമ്മിറ്റികളുടെ ഭൂരിപക്ഷ അഭിപ്രായത്തിന് വിരുദ്ധമായി പലയിടത്തും പ്രാദേശിക നേതാക്കളാണ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തതെന്ന് തങ്ങള്‍ കണ്ടെത്തിയതായി' ഒരു കോണ്‍ഗ്രസ് നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വാര്‍ഡ് കമ്മിറ്റി സ്ഥാനാര്‍ഥിയെ കണ്ടെത്തിയ ശേഷവും നേതാക്കളുടെ താത്പര്യം അനുസരിച്ച്‌ ബന്ധുക്കളെയോ സ്വന്തക്കാരെയോ സ്ഥാനാര്‍ഥികളാക്കിയതായും അദ്ദേഹം പറഞ്ഞു. 

വാര്‍ഡ് കമ്മിറ്റികള്‍ തള്ളിക്കളഞ്ഞ പലരും നേതാക്കളുടെ ഇടപെടല്‍ കാരണം തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഇനി അത്തരം ഇടപെടല്‍ അനുവദിക്കില്ല. സ്ഥാനാര്‍ഥികളെ സംബന്ധിച്ച്‌ വാര്‍ഡ് കമ്മിറ്റികളുടെ തീരുമാനം അന്തിമമായിരിക്കും. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഡിസിസി രമ്യമായി പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

Related News