മാനത്തിലെ ശുചിമുറിക്ക് മുന്നില്‍വെച്ച്‌ ജീവനക്കാരിയെ അപമാനിച്ചു; ഇന്ത്യൻ യുവാവിനെതിരെ മലേഷ്യൻ കോടതിയില്‍ നടപടി

  • 23/04/2025

വിമാന യാത്രയ്ക്കിടെ വനിതാ യാത്രക്കാരിയെ ഉപദ്രവിച്ച ഇന്ത്യൻ യുവാവിനെതിരെ സിംഗപ്പൂരില്‍ നടപടി. ഇരുപത് വയസുകാരനായ ഇന്ത്യൻ പൗരൻ രജതിനെതിരെയാണ് സിംഗപ്പൂർ കോടതിയില്‍ കുറ്റം ചുമത്തിയതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. സിംഗപ്പൂർ എയർലൈൻസ് വിമാനത്തില്‍ യാത്ര ചെയ്യവെ വിമാനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 28കാരിയായ ജീവനക്കാരിയെ കടന്നുപിടിക്കുകയും തനിക്കൊപ്പം വിമാനത്തിലെ ശുചിമുറിയിലേക്ക് പിടിച്ച്‌ വലിക്കുകയും ചെയ്തുവെന്നാണ് കേസ്.

ഓസ്ട്രേലിയയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തില്‍ ഫെബ്രുവരി 28ന് ആയിരുന്നു ഈ സംഭവം. ചൊവ്വാഴ്ച രജതിനെ സിംഗപ്പൂർ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുകളിലുണ്ട്. ഈ കേസ് സംബന്ധിച്ച്‌ സിംഗപ്പൂർ പൊലീസ് അധികൃതർ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഒരു വനിതാ യാത്രക്കാരിയെ വിമാനത്തിലെ ശുചിമുറിയിലേക്ക് പോകാൻ ജീവനക്കാരി സഹായിക്കുന്നതിനിടെയായിരുന്നു 20കാരന്റെ അപമര്യാദയായുള്ള പെരുമാറ്റം. ശുചിമുറിയുടെ അടുത്ത് എത്തിയപ്പോള്‍ നിലത്ത് ഒരു ടിഷ്യൂ പേപ്പർ കിടക്കുന്നത് കണ്ട് ജീവനക്കാരി അത് എടുക്കാനായി കുനിഞ്ഞു. ഈ സമയം യുവാവ് ഇവരുടെ പിന്നില്‍ വന്നുനിന്ന് ശരീരത്തില്‍ കടന്നുപിടിക്കുകയും ശുചിമുറിയിലേക്ക് പിടിച്ച്‌ തള്ളുകയും ചെയ്തു.

സംഭവം കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്ന വനിതാ യാത്രക്കാരി ഉടൻ തന്നെ പ്രതികരിക്കുകയും ജീവനക്കാരിയെ ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങാൻ സഹായിക്കുകയും ചെയ്തു. ജീവനക്കാരി സംഭവം വിമാനത്തിലെ ക്യാബിൻ സൂപ്പർവൈസറെ അറിയിച്ചു. വിമാനം സിംഗപ്പൂർ ചാങ്ങി എയർപോർട്ടില്‍ ലാന്റ് ചെയ്തതിന് പിന്നാലെ എയർപോർട്ട് പൊലീസ് ഡിവിഷൻ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്തു. എവിടെ നിന്ന് എവിടേക്കാണ് യുവാവ് യാത്ര ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഓസ്ട്രേലിയയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനമായിരുന്നുവെന്ന് കോടതി രേഖകള്‍ പറയുന്നു.

Related News