ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക് വിട നല്‍കാൻ ലോകം; പൊതുദര്‍ശനം പൂര്‍ത്തിയായി; രാജ്യത്ത് ഇന്ന് ദുഃഖാചരണം

  • 25/04/2025

ആഗോള കത്തോലിക്കാ സഭാ തലവൻ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട പറയാൻ ലോകം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വത്തിക്കാനില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ പൊതുദ‍ർശനം പൂർത്തിയായി. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നേതൃത്വത്തില്‍ ഇന്ത്യൻ സംഘം മാർപ്പാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ വത്തിക്കാനിലെത്തിയിട്ടുണ്ട്. 

ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്നരക്ക് വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉള്‍പ്പെടെയുള്ളവർ ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്. 

ഒരു പതിറ്റാണ്ടിലേറെ ആഗോള കത്തോലിക്കാ സഭയെ നയിച്ചാണ് ഫ്രാൻസിസ് മാർപാപ്പ നിത്യതയിലേക്ക് മടങ്ങിയത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസില്‍ 1936 ഡിസംബർ ഏഴിന് ജനിച്ച അദ്ദേഹത്തിൻ്റെ യഥാർത്ഥ നാമം ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു. 1958 ല്‍ ഈശോ സഭയില്‍ ചേർന്നു. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാളായി. 2013 മാർച്ച്‌ 13 ന് മാർപാപ്പ പദവിയിലെത്തി.

Related News