രാത്രി മദ്യപിച്ച് കെട്ടിറങ്ങിയെന്നുകരുതി രാവിലെ വണ്ടിയോടിച്ചാല്‍ കുടുങ്ങുമോ?

  • 18/10/2025




കൊച്ചി: മദ്യപിച്ച് വാഹനമോടിക്കുന്നവരെ മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധനയില്‍ കുടുക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ രാത്രി മദ്യപിച്ച് കെട്ടിറങ്ങിയെന്നുകരുതി രാവിലെ വണ്ടിയോടിച്ചാല്‍ കുടുങ്ങുമോ?. സംശയമേ വേണ്ട, കുടുങ്ങിയതു തന്നെ. അങ്ങനെ വാഹനമോടിച്ച് എംവിഡി പിടിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് പോകുമെന്ന് ഉറപ്പാണ്.

മാത്രമല്ല ഒരു ദിവസത്തെ ക്ലാസിനും ഇരിക്കേണ്ടിവരും. ഇത്തരം നിയമലംഘനങ്ങൾ ഉൾപ്പെടെയുള്ള കേസുകളാൽ കൊച്ചിയില്‍ 1121 പേരുടെ ഡ്രൈവിങ് ലൈസന്‍സുകളാണ് ആർടിഒ റദ്ദാക്കിയത്. സമാന കേസുകളുടെ എണ്ണം കൂടിയതോടെ എറണാകുളം ആര്‍ടിഒ കെ ആര്‍ സുരേഷ്, ജോയിന്റ് ആര്‍ടിഒ സിഡി അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹിയറിങ് നടപടികള്‍ വേഗത്തിലാക്കിയാണ് ലൈസന്‍സ് റദ്ദാക്കുന്നത്.

രക്തത്തില്‍ മദ്യത്തിന്റെ അളവ് അന്‍പത് മില്ലിക്ക് മുകളില്‍ കൂടിയാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ 437 പേര്‍ക്കാണ് ലൈസന്‍സ് പോയത്. ബസ് ഡ്രൈവര്‍മാര്‍, ലോറി ഡ്രൈവര്‍മാര്‍, കാര്‍ ഡ്രൈവര്‍മാര്‍ തുടങ്ങിയവരാണ് ഇതില്‍ കൂടുതലും.

Related News