"നുണ ആവര്‍ത്തിച്ച് പറഞ്ഞ് അതിന് പൊതു സമ്മിതിയുണ്ടാക്കുന്ന തന്ത്രം"; ട്രംപിനെ ഗീബല്‍സിനോട് ഉപമിച്ച് ജോ ബൈഡന്‍

  • 27/09/2020


അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി പ്രചരണം ചൂടുപിടിക്കുന്നതിനിടെ നിലവിലെ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ.  ട്രംപിനെ ഹിറ്റ്ലറുടെ പ്രചാരണ മേധാവി ഗീബല്‍സിനോട് ഉപമിച്ചുകൊണ്ടാണ് ബൈഡന്‍ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയത്. നുണ ആവര്‍ത്തിച്ച് പറഞ്ഞ് അതിന് പൊതു സമ്മിതിയുണ്ടാക്കുന്ന തന്ത്രമാണ് ട്രംപ് പയറ്റുന്നതെന്ന് അദ്ദേഹം ആരോപിച്ചു

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വരാന്‍ പോകുന്ന സംവാദത്തിൽ ട്രംപിന്റെ ഭാഗത്ത് നിന്നും കടുത്ത വ്യക്തിപരമായ അധിക്ഷേപങ്ങളും നുണ പ്രചരണങ്ങളും പ്രതീക്ഷിക്കുന്നുണ്ട് എന്നും അതിന് താന്‍ തയ്യാറാണെന്നും ബൈഡന്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി നടക്കുന്ന ആദ്യത്തെ സംവാദത്തിന്റെ കൗണ്ട് ഡൌണ്‍ ആരംഭിച്ചു കഴിഞ്ഞു. ഡോണാള്‍ഡ് ട്രംപും ജോ ബൈഡനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് ടെലിവിഷനിലൂടെ അമേരിക്കന്‍ ജനത സാക്ഷ്യം വഹിക്കും. സെപ്തംബര്‍ 29ന് ഓഹിയോയിലെ ക്ലീവ് ലാന്‍ഡിലാണ് സംവാദം നടക്കുക. തിരഞ്ഞെടുപ്പിന് മുന്‍പായി നടക്കുന്ന മൂന്ന് ഡിബേറ്റുകളില്‍ ആദ്യത്തേതാണ് ചൊവ്വാഴ്ച നടക്കുന്നത്
 
അതേസമയം, വിവിധ മാധ്യമങ്ങളും സര്‍വ്വകലാശാലകളും നടത്തുന്ന പോളുകളില്‍ ബൈഡന്‍ മുന്നേറ്റം തുടരുന്നു. എബിസി / വാഷിംഗ്ടണ്‍ പോസ്റ്റ് പോളില്‍ ബൈഡന്‍ 10 പോയിന്‍റ് മുന്‍പിലാണ്. ന്യൂ യോര്‍ക്ക് ടൈംസ്-സിയന്ന കോളേജ് പൊളില്‍ 8 പോയിന്റും. ഫ്ലോറിഡ, ഓഹിയോ, നെവാഡ, അരിസോണ, മിഷിഗണ്‍ തുടങ്ങിയ  സംസ്ഥാനങ്ങളിലും നേരിയ മുന്‍തൂക്കം ബൈഡന് തന്നെയാണ്. 

Related News