കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം നിയമസഭ പാസാക്കി; എതിര്‍ത്ത് ഒ രാജഗോപാല്‍

  • 31/12/2020



തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. മുഖ്യമന്ത്രി കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം അവതരിപ്പിച്ചു. കര്‍ഷക സമരം ഐതിഹാസികവും കര്‍ഷകരുടെ ഇച്ഛാശക്തി ശ്രദ്ധേയമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

കര്‍ഷകരുടെ വിലപേശല്‍ കോര്‍പറേറ്റുകള്‍ക്ക് മുമ്പില്‍ ദുര്‍ബലമാകും. ന്യായ വിലയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ കേന്ദ്രം ശ്രമിക്കുന്നു. കര്‍ഷക സമരം തുടരുന്നത് കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി. ഭക്ഷ്യവസ്തുക്കളുടെ ചരക്കുനീക്കം നിലയ്ക്കുന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വിവാദമായ മൂന്ന് നിയമങ്ങളും കേന്ദ്രം പിന്‍വലിക്കകണമെന്നാണ് പ്രമേയം.

അതേസമയം പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ കെ.സി ജോസഫ് കോണ്‍ഗ്രസില്‍ നിന്നും പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു. പ്രമേയത്തില്‍ മൂന്ന് നിയമ ഭേദഗതികളും കെ.സി ജോസഫ് നിര്‍ദേശിച്ചു. പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കാതിരുന്ന ഗവര്‍ണറുടെ നടപടിയെ വിമര്‍ശിക്കാനും പ്രതിപക്ഷം മറന്നില്ല. ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറിയില്ലെന്നും പ്രമേയം പാസാക്കി വിടുകയല്ല, പകരം നിയമ നിര്‍മാണമാണ് വേണ്ടതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

എന്നാല്‍, കാര്‍ഷിക നിയമത്തിനെതിരായ പ്രമേയത്തിലെ പരാമര്‍ശങ്ങളെ ഒ രാജഗോപാല്‍ എതിര്‍ത്തു. നിയമത്തെ എതിര്‍ക്കുന്നവരുടെ ലക്ഷ്യം കര്‍ഷക താല്‍പര്യമല്ല. പ്രമേയ ചര്‍ച്ചയിലെ കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങളെ എതിര്‍ക്കുന്നുവെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

കേന്ദ്ര നിയമം കര്‍ഷകര്‍ക്ക് എല്ലാവിധ സംരക്ഷണങ്ങളും നല്‍കുന്നതാണ്. ഉല്‍പ്പന്നങ്ങള്‍ക്ക് മാന്യമായ വില നല്‍കും. സമരക്കാരെ കാണാന്‍ പ്രധാനമന്ത്രി തയാറാണെന്നും രാജഗോപാല്‍ പറഞ്ഞു.

മോദിയെ വിമര്‍ശിക്കാനാണ് ഭരണ പ്രതിപക്ഷ ശ്രമമെന്നും ഒ രാജഗോപാല്‍ ആരോപിച്ചു.

Related News