ജനന നിരക്ക് ഉയർത്താൻ ബോണസുമായി ദക്ഷിണ കൊറിയ; ഒരു കുട്ടിക്ക് ഒന്നര ലക്ഷം രൂപ വരെ ധനസഹായം

  • 06/01/2021



സോള്‍: ദക്ഷിണ കൊറിയയിൽ ശിശുമരണ നിരക്ക് ഉയരുന്നു. ഒരു വർഷം ജനിക്കുന്ന കുട്ടികളെക്കാൾ മരിക്കുന്നവരുടെ എണ്ണം കൂടുതലാണ്. 2020ൽ 2,75,800 കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ 3,07,764 പേര്‍ മരിച്ചു. ജനനനിരക്ക് 2019-ലേതിനേക്കാള്‍ 10% കുറവുമാണ്. യുവാക്കളുടെ എണ്ണം കുറയുന്നതു തൊഴില്‍ മേഖലകളെയും അതുവഴി രാജ്യത്തിന്റെ സമ്പദ്ഘടനയേയും ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജനനനിരക്ക് ഉയര്‍ത്തുന്നതിനായി കഴിഞ്ഞവര്‍ഷം പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ കുടുംബങ്ങള്‍ക്കു ധനസഹായം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. 2022 മുതല്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും 20 ലക്ഷം വണ്‍ (ദക്ഷിണ കൊറിയന്‍ അടിസ്ഥാന നാണയം, ഏകദേശം 1,35,000 രൂപ) ബോണസാണ് അതില്‍ പ്രധാനം. കുഞ്ഞിന് ഒരുവയസാകുന്നത് വരെ മാസംതോറും മൂന്നുലക്ഷം വണ്‍ നല്‍കും. 2025 മുതല്‍ പ്രതിമാസ ധനസഹായം അഞ്ചുലക്ഷം വണ്‍ ആയി ഉയര്‍ത്തും.

ജീവിത തൊഴില്‍ സാഹചര്യങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുത്തുന്നതില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളിയാണു ദക്ഷിണ കൊറിയന്‍ ജനനനിരക്ക് താഴാന്‍ പ്രധാനകാരണം. തൊഴില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ പ്രധാന്യം കാണിക്കുന്ന സ്ത്രീകള്‍ പലപ്പോഴും കുടുംബം പോലുള്ളവയ്ക്ക് പ്രധാന്യം നല്‍കാറില്ല. കുഞ്ഞുങ്ങളുമായി ജീവിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമാണെന്നാണ് യുവാക്കളുടെ വാദം.

Related News