ചൈനയില്‍ ഐസ്‌ക്രീമിനും കോവിഡ്; 4836 ഐസ്‌ക്രീം ബോക്‌സുകളില്‍ വൈറസ് സാന്നിധ്യം

  • 16/01/2021




വടക്കന്‍ ചൈനയില്‍ ഐസ്‌ക്രീമില്‍ കോവിഡ് സാന്നിധ്യം കണ്ടെത്തി. ടിയാന്‍ജിന്‍ ദാക്വിയോദാവോ ഫുഡ് കമ്പനിയുടെ ഐസ്‌ക്രീമിലാണ് കോവിഡ് വൈറസ് കണ്ടെത്തിയത്. കമ്പനിയുടെ ഒരേ ബാച്ചിലെ 4836 ബോക്‌സുകളിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.ഇതില്‍ 2089 ബോക്‌സുകള്‍ അധികൃതരെത്തി മാറ്റി. 2747 ബോക്‌സുകള്‍ മാര്‍ക്കറ്റുകളിലെത്തി. ഇതില്‍ 935 ബോക്‌സുകളും ടിയാന്‍ജിനില്‍ നിന്നും കണ്ടെടുത്തു. 65 എണ്ണം മാത്രമാണ് വിറ്റുപോയത്. ഇവരെ കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്നും ഒരാളില്‍ നിന്നും വൈറസ് പടര്‍ന്നിരിക്കാനാണ് സാധ്യതയെന്നും ലീഡ്‌സ് സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് ഡോ. സ്റ്റീഫന്‍ ഗ്രിഫിന്‍ പറഞ്ഞു. നിര്‍മാണ പ്ലാന്റിലെ ശുചിത്വമില്ലായ്മയുമായി ബന്ധപ്പെട്ട പ്രശ്‌നമായിരിക്കാമിതെന്നും അദ്ദേഹം പറഞ്ഞു. ഐസ്‌ക്രീം ഏറ്റവും കുറഞ്ഞ താപനിലയിലാണ് സൂക്ഷിക്കുന്നത് എന്നതിനാലും കൊഴുപ്പിന്റെ അംശമുള്ളതിനാലുമാണ് വൈറസ് ഇത്രയും ദിവസം നിലനിന്നതെന്നാണ് ഡോ. ഗ്രിഫിന്‍ പറയുന്നത്. 

കമ്പനിയിലെ 1662 ജീവനക്കാരെയും ക്വറന്റീനിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതില്‍ 700 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 962 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. നിര്‍മാണ പ്ലാന്റ് അണുവിമുക്തമാക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചു.

Related News