ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സി.ഇ.ഒ സ്ഥാനമൊഴിയും

  • 03/02/2021

വാഷിങ്ടൺ: ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സി.ഇ.ഒ സ്ഥാനമൊഴിയും. എക്സിക്യൂട്ടിവ് ചെയര്‍മാനായിട്ടായിരിക്കും ഇനി പ്രവര്‍ത്തിക്കുക. ഈ വര്‍ഷം അവസാനത്തോടെ ആയിരിക്കും സ്ഥാനമാറ്റം. വെബ് സര്‍വീസ് തലവന്‍ ആന്‍ഡി ജാസ്സിയായിരിക്കും പുതിയ സിഇഒ. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലും തുടര്‍ച്ചയായി കമ്പനിയുടെ ലാഭം നൂറ് ബില്യണ്‍ യു.എസ് ഡോളറിന് മുകളിലെത്തിയിരുന്നു. ചരിത്ര നേട്ടം ആമസോണ്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് ജെഫ് ബെസോസ് സി.ഇ.ഒ സ്ഥാനത്തുനിന്ന് മാറുന്നത്.

125.56 ബില്യണ്‍ യു.എസ് ഡോളറാണ് ആമസോണിന്റെ വാര്‍ഷിക വിറ്റുവരവ്. 27 വര്‍ഷം മുമ്പ് പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റുക്കൊണ്ടാണ് ആമസോണ്‍ എന്ന പ്രസ്ഥാനത്തിന് ബെസോസ് തുടക്കം കുറിച്ചത്. '' എക്സിക്യൂട്ടിവ് ചെയര്‍മാന്‍ എന്ന നിലയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താല്‍പര്യം. മാത്രമല്ല ബെസോസ് എര്‍ത്ത് ഫണ്ട്, ബ്ലൂ ഒറിജിലന്‍, മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുളള കമ്പനികളില്‍ ശ്രദ്ധിക്കേണ്ട സാഹചര്യമുണ്ടെന്നും '' ജെഫ് ബെസോസ് ആമസോണ്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

സി.ഇ.ഒ സ്ഥാനത്തുനിന്ന് ജെഫ് ബെസോസ് പിന്മാറിയതോടെ ആമസോണിന്റെ ഓഹരിവില ഒരുശതമാനം ഇടിഞ്ഞു. പുതിയ ചീഫ് എക്സിക്യൂട്ടിവ് ആയി സ്ഥാനമേല്‍ക്കുന്ന ജാസ്സി 1997ലാണ് ആമസോണില്‍ ചേരുന്നത്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ ശേഷമാണ് ആമസോണില്‍ ചേര്‍ന്നത്. ആമസോണ്‍ വെബ് സര്‍വീസിന്റെ തലവനായി മൈന്‍ഡ് ഷെയര്‍ ചീഫ് ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫീസര്‍ ടോം ജോണ്‍സണ്‍ എത്തും.

Related News