സമാധാനപരമായ പ്രതിഷേധവും ഇന്റർനെറ്റ് ലഭ്യതയും ജനാധിപത്യത്തിൽ പ്രധാനം: കർഷകസമരത്തിൽ ആദ്യപ്രതികരണമറിയിച്ച് അമേരിക്ക

  • 04/02/2021

വാഷിംഗ്‌ടൺ: കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഡെൽഹി അതിർത്തികളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. ഇന്റർനെറ്റ് നിരോധനത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുകയും ചെയ്തു. കേന്ദ്ര സർക്കാർ നടപടിക്കെതിരെ പരോക്ഷ വിമർശനവുമായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും രംഗത്തുവന്നു. തടസങ്ങളിലാതെ വിവരങ്ങൾ അറിയേണ്ടത് അവകാശമാണെന്നും നിഷേധിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. 

സമാധാനപരമായി മുന്നോട്ട് പോകുന്ന സമരങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പ്രതികരിച്ചു. ചർച്ചകളിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും വ്യക്തമാക്കി.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ബജറ്റിനെ അമേരിക്ക സ്വാഗതം ചെയ്തു. സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾ വർധിപ്പിക്കാനുളള തീരുമാനം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ വേഗത വർധിപ്പിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. 

ഇന്ത്യയിലെ കർഷകസമരത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായാണ് യുഎസ് മാധ്യമവക്താവ് ഇത്തരമൊരു പരാമർശം നടത്തിയത്. കാർഷികപരിഷ്‌ക്കരണ നിയമങ്ങളെ പിന്തുണച്ചുകൊണ്ടുതന്നെ കർഷകസമരത്തെ സർക്കാർ നേരിടുന്ന രീതിയോട് അമേരിക്ക വിയോജിപ്പ് രേഖപ്പെടുത്തി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് ഇന്ത്യൻ സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും വൈരുദ്ധ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുകയായിരുന്നു വേണ്ടതെന്നും അമേരിക്ക പറഞ്ഞു.

അതേസമയം ഇന്ത്യയ്ക്ക് വിപണി വിപുലീകരിക്കാൻ സഹായവും പ്രോത്സാഹനവും നൽകാൻ ശ്രമിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. ഇന്ത്യയുടെ സ്വകാര്യവൽക്കരണ നീക്കങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും അമേരിക്ക അറിയിച്ചു.

കർഷക സമരത്തെ തുടർന്ന് കേന്ദ്ര സർക്കാർ ഇന്റർനെറ്റ് സൗകര്യം വിലക്കിയ വാർത്തയോട് അമേരിക്കൻ പോപ്പ് ഗായിക റിഹാന പ്രതികരിച്ചിരുന്നു. ‘എന്താണ് നമ്മൾ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയർത്തിയത്. ലോകത്ത് ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങൾക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. പ്രക്ഷോഭം ലോക ശ്രദ്ധയിലെത്തിക്കാൻ റിഹാനയുടെ ട്വീറ്റിന് സാധിച്ചെന്നായിരുന്നു ചിലർ പറഞ്ഞത്. പ്രതികരണത്തെ അനുകൂലിച്ചും വിമർശിച്ചും ഇന്ത്യൻ സെലിബ്രറ്റികൾ രംഗത്ത് വന്നിട്ടുണ്ട്.

Related News