അജ്ഞാത ബാക്ടീരിയ കുരങ്ങുകളുടെ മരണത്തിന്കാരണമാകുന്നു: മനുഷ്യരിലേക്കും വ്യാപിക്കാൻ സാധ്യത

  • 06/02/2021


ഫ്രീടൗൺ: ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലെ ടക്കുഗാമ വന്യജീവി സങ്കേതത്തിൽ ആൾക്കുരങ്ങുകളുടെ മരണത്തിന് കാരണമാകുന്ന ബാക്ടീരിയ മനുഷ്യരിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് നിഗമനം. മനുഷ്യരും ആൾക്കുരങ്ങുകളും തമ്മിൽ ജനികത ഘടനയിൽ 98 ശതമാനത്തോളം സമാനതയുള്ളതാണ് ഈ നിഗമനത്തിന് പിന്നിൽ.

നാഡീവ്യൂഹത്തേയും ആമാശയ വ്യവസ്ഥയേയും ബാധിക്കുന്ന അജ്ഞാതരോഗം (epizootic neurologic and gastroenteric syndrome or ENGS)ആൾക്കുരങ്ങുകളിൽ ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുകയും മരണത്തിനിടയാക്കുകയും ചെയ്യുന്നു. 2005 മുതൽ ഈ രോഗം വന്യജീവി സങ്കേതത്തിലെ 56 കുരങ്ങുകളുടെ മരണത്തിനിടയാക്കിയിട്ടുണ്ട്.
 
ചിമ്പാൻസികളുടെ മരണത്തിനിടയാക്കുന്ന രോഗത്തിന് സാർസിന ജനുസ്സിൽ പെട്ട ബാക്ടീരിയയുമായി ബന്ധമുണ്ടെന്ന് പഠനസംഘം പറയുന്നു. ശാരീരിക പ്രവർത്തനങ്ങളിൽ സങ്കീർണതകൾക്ക് കാരണമാകുന്നതിനാൽ മനുഷ്യരിലേക്കുള്ള വ്യാപനത്തിനിടയായാൽ ഗുരുതരസാഹചര്യം സൃഷ്ടിച്ചേക്കാമെന്ന് സംഘം മുന്നറിയിപ്പ് നൽകുന്നു.

സാർസിന ബാക്ടീരിയയുടെ അമിത സാന്നിധ്യം ആമാശയ ഭിത്തിയിൽ ഗ്യാസ് നിറയാനിടയാക്കുകയും ആമാശയ വ്രണങ്ങൾ(gastric ulcers), ഗുരുതര ആമാശയവീക്കം(emphysematous gastritis), ആമാശയത്തിൽ സുഷിരങ്ങളുണ്ടാക്കൽ(gastric perforation) എന്നിവയ്ക്ക് കാരണമാക്കുകയും ചെയ്യുമെന്ന് 2013 ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നു.

നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാൽ ആൾക്കുരങ്ങുകളിൽ ശാരീരിക പ്രവർത്തനങ്ങളുടെ ഏകോപനം അസാധ്യമാകുകയും ചലനത്തെ പ്രതികൂലമായി ബാധിക്കുകയും അപസ്മാരം ഉണ്ടാക്കുകയും ചെയ്യും. ഛർദിയും വയറിളക്കവും രൂക്ഷമാകുന്നതിനാൽ മരണം സംഭവിക്കുകയും ചെയ്യും. ഇതു വരെ രോഗബാധയുണ്ടായ ആൾക്കുരങ്ങിൽ ഒന്നു പോലും രക്ഷപ്പെട്ടില്ല എന്ന കാര്യം പഠനസംഘം സൂചിപ്പിച്ചു.

രോഗബാധിതരിൽ നിന്ന് നേരിട്ട് രോഗം പകരുന്നില്ല എന്നതാണ് വിഷയത്തിൽ ആശ്വാസം പകരുന്നത്. എങ്കിലും കാലാവസ്ഥയും സാഹചര്യവും രോഗവ്യാപനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായതിനാൽ മുൻകരുതൽ അനിവാര്യമാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ടക്കുഗാമ വന്യജീവി സങ്കേതത്തിൽ പ്രത്യേക കാലാവസ്ഥകളിലാണ് രോഗബാധയുണ്ടാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Related News