ബ്രിട്ടനിൽ ചൈനീസ് ടെലിവിഷൻ നിരോധിച്ചതിനു പിന്നാലെ ചൈനയിൽ ബിബിസിക്ക് നിരോധനം ഏർപ്പെടുത്തി

  • 12/02/2021

ബെയ്ജിങ്: ബിബിസി വേൾഡ് ന്യൂസ് ചൈനയിൽ നിരോധിച്ചു. ഇന്ന് മുതലാണ് ( വെള്ളിയാഴ്ച ) മുതലാണ് നിരോധനം നിലവിൽ വന്നിരിക്കുന്നത്. ബ്രിട്ടണിൽ സംപ്രേഷണം ചെയ്യാനുളള ചൈനീസ് സ്‌റ്റേറ്റ് ടെലിവിഷന്റെ (CGTN) ലൈസൻസ് ബ്രിട്ടണിലെ മീഡിയ റെഗുലേറ്റർ റദ്ദാക്കിയതിന് പിറകേയാണ് ചൈനയുടെ നീക്കം. നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ചൈനയുടെ നടപടി.

ചൈനയുമായി ബന്ധപ്പെട്ട ബിബിസി റിപ്പോർട്ടുകളിൽ വാർത്തകൾ യഥാർഥവും സ​ത്യ​സ​ന്ധ​മാ​യി​രി​ക്ക​ണ​മെ​ന്നുളള ഗുരുതരമായ നിയമലംഘനങ്ങൾ നടന്നതായി ചൈനയുടൈ നാഷണൽ റേഡിയോ ആൻഡ് ടെലിവിഷൻ അഡ്മിനിസ്‌ട്രേഷൻ പറയുന്നു. റിപ്പോർട്ടുകൾ രാജ്യത്തിന്റെ ദേശീയ താല്പര്യങ്ങളിൽ വിളളൽ വീഴ്ത്തിയെന്നും ദേശീയ ഐക്യത്തെ അട്ടിമറിച്ചതായും പറയുന്നു.

ചൈനയിൽ വിദേശ ചാനലുകൾ സംപ്രേഷണം ചെയ്യുന്നതിനാവശ്യമായ ഉപാധികളൊന്നും ബിബിസി പാലിക്കുന്നില്ലെന്നും അതിനാൽ സംപ്രേഷണം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ചാനൽ നൽകിയ അപേക്ഷ നിരാകരിക്കുന്നുവെന്നും ചൈനീസ് അധികൃതർ വ്യക്തമാക്കി.

ചൈനയിലെ ഭൂരിഭാഗം ടിവി ചാനൽ പാക്കേജുകളിലും ബിബിസി വേൾഡ് ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ചില ഹോട്ടലുകളിലും വസതികളിലും ചാനൽ ലഭ്യമായിരുന്നു. നിലവിൽ ചാനൽ വെക്കുമ്പോൾ സ്‌ക്രീൻ ശൂന്യമാണെന്നാണ് റിപ്പോർട്ട്. ചൈനയുടെ നടപടിയെ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡൊമിനിക് റാബും, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും അപലപിച്ചു. നിരാശാജനകമെന്നായിരുന്നു ബിബിസിയുടെ പ്രതികരണം.

'ലോകത്തെ ഏറ്റവും വിശ്വാസ്യതയുളള അന്താരാഷ്ട്ര ന്യൂസ് ബ്രോഡ്കാസ്റ്ററാണ് ബിബിസി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള വാർത്തകൾ നീതിപൂർവ്വവും പക്ഷപാതരഹിതമായും ഭയമോ ആനുകൂല്യമോ ഇല്ലാതെയുമാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.'- ചാനൽ വ്യക്തമാക്കി.

Related News