പാക് മൃഗശാലയിൽ രണ്ട് വെള്ള കടുവ കുട്ടികൾ ചത്തത് കൊറോണ ബാധിച്ചെന്ന് നിഗമനം

  • 13/02/2021

ലാഹോർ: പാകിസ്താനിലെ ലാഹോർ മൃഗശാലയിൽ വെള്ള കടുവ കുട്ടികൾ ചത്തത് കൊറോണ ബാധിച്ചെന്ന് നിഗമനം. പതിനൊന്ന് ആഴ്ച മാത്രം പ്രായമുള്ള രണ്ട് വെള്ളക്കടുവ കുട്ടികളാണ് ചത്തത്. സാധാരണയായി പാകിസ്താൻ കടുവകളിൽ കണ്ടുവരുന്ന വൈറസാണ് ബാധിച്ചതെന്നായിരുന്നു മൃഗശാല അധികൃതർ ആദ്യം കരുതിയത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മരണകാരണം കൊറോണ മൂലമാണെന്ന് വ്യക്തമായത്.

കഴിഞ്ഞ മാസം ജനുവരി 30നാണ് ലാഹോർ മൃഗശാലയിൽ ആരോഗ്യസ്ഥിതി മോശമായി രണ്ട് കടുവ കുട്ടികൾ ചത്തത്. കടുവകൾക്ക് കടുത്ത അണുബാധയുണ്ടായെന്നും ഇത് ശ്വാസകോശത്തെ സാരമായി ബാധിച്ചെന്നും മരണകാരണം കൊറോണ  വൈറസാണെന്നുമാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കടുവകൾ ചത്തതിന് പിന്നാലെ മൃഗശാല ജീവനക്കാരിൽ നടത്തിയ കൊറോണ പരിശോധനയിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ കടുവ കുട്ടികളെ പരിപാലിച്ചിരുന്ന ജീവനക്കാരനാണെന്നും മൃഗശാല ഡെപ്യൂട്ടി ഡയറക്ടർ കിരൺ സലീം പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളെ ബലപ്പെടുത്തുന്നതാണ് പരിശോധന ഫലമെന്നും ജീവനക്കാരിൽ നിന്നായിരിക്കാം കടുവകൾക്ക് രോഗം ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കടുവകൾ ചത്തത് വൃത്തിഹീനമായ സാഹചര്യത്തിൽ മൃഗങ്ങളെ വളർത്തുന്ന മാനേജ്‌മെന്റിന്റെ അലഭാവം കാരണമാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

Related News