ഇസ്ലാം ക്വാലയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ അഞ്ച് കോടി ഡോളറിന്റെ നഷ്ടം; കത്തിനശിച്ചത് നൂറുകണക്കിന് ട്രക്കുകൾ; സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

  • 18/02/2021



കാബുൾ: അഫ്ഗാനിസ്ഥാനിലെ ഇസ്ലാം ക്വാലയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ നൂറ് കണക്കിന് ട്രക്കുകൾ കത്തി നശിച്ചു. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. ഫെബ്രുവരി 13 നാണ് അഫ്ഗാന്റെയും ഇറാന്റെയും അതിർത്തി പാതയായ ഇസ്ലാം ക്വാലയിൽ വെച്ച് ട്രക്കുകൾ കത്തിനശിച്ചത്. 60 പേർക്ക് അന്ന് അപകടത്തിൽ പരിക്കേറ്റിരുന്നു.

മാക്സറിന്റെ വേൾഡ് വ്യൂ -3 ഉപഗ്രഹത്തിൽ നിന്നുള്ളതാണ് പുതിയ ചിത്രങ്ങൾ. ബുധനാഴ്ച എടുത്ത ചിത്രങ്ങളാണിവ. സ്‌ഫോടനത്തിന് ദിവസങ്ങൾക്ക് ശേഷവും പുകയണഞ്ഞിട്ടില്ലെന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. പ്രകൃതിവാതകവും ഇന്ധനവും വഹിച്ച അഞ്ഞൂറിലധികം ട്രക്കുകളാണ് അന്ന് തീപ്പിടിത്തത്തത്തിൽ നശിച്ചത്. 

അഫ്ഗാനിസ്ഥാനിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതമാർഗമാണ് ഇസ്ലാം ക്വാല അതിർത്തി. അമേരിക്ക അനുവദിച്ച പ്രത്യേക ഇളവു പ്രകാരം ഇതുവഴി ഇറാനിൽ നിന്ന് ഇന്ധനവും എണ്ണയും ഇറക്കുമതി ചെയ്യാൻ അഫ്ഗാനിസ്ഥാനാവും. സ്‌ഫോടന സമാനമായ തീപ്പിടിത്തമായതിനാൽ അഫ്ഗാനിസ്ഥാന് ഇറാനിൽ നിന്നുള്ള വൈദ്യുതി വിതരണം നിർത്തേണ്ടിവന്നു. ഇത് പടിഞ്ഞാറൻ നഗരമായ ഹെറാത്തിനെ ഇരുട്ടിലാക്കി. അഞ്ച് കോടി ഡോളറിന്റെ(363 കോടി രൂപ) നാശനഷ്ടമാണ് കണക്കാക്കിയിരുന്നത്.

Related News