ലൈവ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകനെയും സംഘത്തെയും തോക്കു ചൂണ്ടി കൊള്ളയടിച്ചു; ദൃശ്യങ്ങൾ വൈറൽ

  • 19/02/2021

ക്വിറ്റോ: തത്സമയ റിപ്പോർട്ടിങ്ങിനിടെ, മാധ്യമപ്രവർത്തകനെയും ക്യാമറാമാനെയും തോക്കുചൂണ്ടി കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ഇക്വഡോറിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലൈവ് റിപ്പോർട്ടിങ്ങിനിടെ, മാധ്യമപ്രവർത്തകനെയും സംഘത്തെയും കൊള്ളയടിച്ചത്. അക്രമി തോക്കു ചൂണ്ടി പണവും മറ്റും ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ട്വിറ്ററിൽ വൈറലായ ഞെട്ടിക്കുന്ന ദൃശ്യങ്ങളിൽ മാധ്യമപ്രവർത്തകനോടും ചാനൽ ജീവനക്കാരോടും തോക്കു ചൂണ്ടിക്കൊണ്ട് പണം ആവശ്യപ്പെടുന്ന ഒരാളെ കാണാം.

സ്കൈ ന്യൂസ് റിപ്പോർട്ട് പ്രകാരം, ഇക്വഡോർ സ്പോർട്സ് ജേണലിസ്റ്റ് ഡീഗോ ഓർഡിനോളയാണ് കവർച്ചയ്ക്ക് ഇരയായത്. കഴിഞ്ഞയാഴ്ച ഗ്വായാക്വിൽ നഗരത്തിലെ എസ്റ്റാഡിയോ സ്മാരകത്തിന് പുറത്ത് നിന്ന് ഓർഡിനോള വാർത്താ ബുള്ളറ്റിനലെ സ്പോർട്സ് വിഭാഗത്തിനായി റിപ്പോർട്ട് ചെയ്യുകയായിരുന്നു. പെട്ടെന്നാണ് മുഖംമൂടി ധരിച്ച ഒരാളെ പെട്ടെന്ന് അവിടേക്ക് എത്തി, ഓർഡിനോളയുടെ മുഖത്തേക്ക് ഒരു റിവോൾവർ ചൂണ്ടി പണം ആവശ്യപ്പെട്ടു. ഇതിനിടെ മൈക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ കൈയിലുള്ള പണമെടുക്കാൻ കൊള്ളക്കാരൻ അലറുന്നതും ദൃശ്യത്തിലുണ്ട്.

ക്യാമറാമാനും ജോലിക്കാരും അവരുടെ കൈവശമുള്ള പണവും ഫോണുകളും കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് അക്രമി തോക്ക് ചൂണ്ടി. ഈ സംഭവങ്ങൾ നടക്കുമ്പോൾ ക്യാമറ ഓണായിരുന്നു. ദൃശ്യങ്ങൾ ഓൺ എയർ പോകുന്നുണ്ടായിരുന്നു. എന്നാൽ ഇതു മനസിലാക്കാതെയാണ് കവർച്ച നടത്താൻ എത്തിയയാൾ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തുന്നത്. ഈ ഞെട്ടിക്കുന്ന വീഡിയോ പിന്നീട് ന്യൂസ് റിപ്പോർട്ടറായ ഓർഡിനോള തന്നെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തു.

"ഞങ്ങൾക്ക് നിശബ്ദമായി പ്രവർത്തിക്കാൻ പോലും കഴിയില്ല, ഇത് ഇന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് എസ്റ്റാഡിയോ സ്മാരകത്തിന് പുറത്ത് സംഭവിച്ച കാര്യമാണ്," വീഡിയോയ്ക്കൊപ്പം അദ്ദേഹം എഴുതി. ഓർഡിനോളയുടെ ഒപ്പമുണ്ടായിരുന്ന ക്രൂ അംഗത്തിൽ നിന്ന് ലഭിച്ച ഫോൺ കൈവശപ്പെടുത്തിയ കൊള്ളക്കാരൻ അധികം വൈകാതെ അവിടെ നിന്ന് ഓടി രക്ഷപെടുകയും ചെയ്തുവെന്ന് ന്യൂസ് വീക്ക് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സംഭവത്തിന്റെ ഫൂട്ടേജ് 3.8 ലക്ഷത്തിലധികം തവണ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിൽ ഉപയോക്താക്കൾ കണ്ടു. അഭ്യുദയകാംക്ഷികളിൽ നിന്നുള്ള സന്ദേശങ്ങളും സംഭവത്തെ "ഞെട്ടിക്കുന്നതും" "അപലപനീയവുമാണ്" എന്ന് വിമർശിച്ച ആളുകളുടെ അഭിപ്രായങ്ങളും ഈ പോസ്റ്റിൽ നിറഞ്ഞു. അതേസമയം കവർച്ച നടത്തിയയാളെ ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് ഓർഡിനോളയും ചാനൽ അധികൃതരും ഉടൻ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. കവർച്ചക്കാരനെ കണ്ടെത്താമെന്ന് പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഓർഡിനോള പറഞ്ഞു.

Related News