വിദേശത്തുനിന്നും നാട്ടിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി വടക്കാഞ്ചേരിയിൽ കണ്ടെത്തി; പിന്നിൽ സ്വർണക്കടത്ത് സംഘം എന്ന സൂചന

  • 22/02/2021


പാലക്കാട് : ആലപ്പുഴയിലെ മാന്നാറിൽ വീടിന്റെ വാതിൽ തകർത്ത് ഒരു സംഘം തട്ടിക്കൊണ്ടുപോയ വിദേശത്തു നിന്നെത്തിയ യുവതിയെ കണ്ടെത്തി. മാന്നാർ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ (32)യാണ് വടക്കഞ്ചേരിയിൽ നിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവർ യുവതിയെ വടക്കഞ്ചേരിയിൽ റോഡിൽ ഇറക്കിവിടുകയായിരുന്നു. വടക്കഞ്ചേരി പോലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് യാത്രതിരിച്ചു.

തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതി സ്വർണക്കടത്തിന്റെ കാരിയറായിരുന്നുവെന്നാണ് സൂചന. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനടക്കം പരിശോധിച്ച് എത്രയുംവേഗം പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാല് ദിവസം മുമ്പ് ഗൾഫിൽനിന്നെത്തിയ ബിന്ദുവിനെ അജ്ഞാതസംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. കമ്പിവടിയും വടിവാളുമായി 15 പേരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയതെന്നും ആദ്യം കോളിങ് ബെല്ലടിച്ച സംഘം പിന്നീട് വീടിന്റെ വാതിൽ തകർത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നുമാണ് കുടുംബത്തിന്റെ പരാതി.

സംഭവത്തിന് പിന്നിൽ കൊടുവള്ളി സംഘമാണെന്നും കുടുംബം ആരോപിച്ചിരുന്നു. ഈ സംഘവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നതായാണ് പോലീസിന്റെ നിഗമനം. എന്നാൽ ഇതുസംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ആദ്യം ഖത്തറിലെ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു ഇടയ്ക്കിടെ കേരളത്തിൽ വന്നുപോയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ പാസ്പോർട്ട് അടക്കം പരിശോധിച്ചതിന് പിന്നാലെയാണ് യുവതി ഇടയ്ക്കിടെ നാട്ടിൽവന്നിരുന്നതായി കണ്ടെത്തിയത്.

കഴിഞ്ഞമാസം നാട്ടിലെത്തിയ യുവതി പിന്നീട് ദുബായിലേക്കാണ് പോയത്. തുടർന്ന് ഫെബ്രുവരി 19-ന് നാട്ടിൽ തിരിച്ചെത്തിയതായും പോലീസ് പറഞ്ഞു. ഇതാണ് യുവതി സ്വർണക്കടത്തിന്റെ കാരിയറായി പ്രവർത്തിച്ചിരുന്നുവെന്ന സംശയം ബലപ്പെടാൻ കാരണം. ഇവർ ഇത്തവണ സ്വർണവുമായാണോ എത്തിയത് എന്നതടക്കം പോലീസ് അന്വേഷിക്കും.

Related News