രാജകുടുംബത്തിലും വിവേചനവും അവഗണനയും; ഒരു ഘട്ടത്തിൽ ആത്മഹത്യയെ കുറിച്ചവരെ ചിന്തിച്ചിരുന്നു എന്ന് മേഗൻ

  • 08/03/2021

ന്യൂയോർക്ക് : രാജകുടുംബത്തിലും വിവേചനവും അവഗണനയും. അത് ഒരു ഘട്ടത്തിൽ മാനസികാരോഗ്യത്തെ തകർക്കുകയും ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തിക്കുകയും ചെയ്തതായി മേഗൻ മാർക്കലിന്റെ വെളിപ്പെടുത്തൽ. യുഎസ് ടെലിവിഷൻ അവതാരക ഓപ്ര വിൻഫ്രിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മേഗൻ തന്റെ മനസ് തുറന്നത്. രാജകുടുംബം തനിക്ക് മേൽ ചാർത്തിയ വർണവിവേചനത്തെ കുറിച്ചും അതു മൂലം താനനുഭവിക്കേണ്ടി വന്ന മാനസിക സംഘർഷത്തെ കുറിച്ചും മേഗൻ വെളിപ്പെടുത്തി .
 
പിറക്കാനിരുന്ന തന്റെയും ഹാരി രാജകുമാരന്റെയും കുഞ്ഞിന്റെ നിറത്തെ കുറിച്ചുള്ള ആശങ്കാകുലമായ ചർച്ചകൾ രാജകുടുംബത്തിലുണ്ടായിരുന്നതായും മേഗൻ പറഞ്ഞു. മേഗന്റെ പിതാവ് വെളുത്തവർഗക്കാരനും മാതാവ് കറുത്ത വംശജയുമായതിനാലാണ് ഇത്തരമൊരു ആശങ്ക രാജകുടുംബാംഗങ്ങൾക്കിടയിൽ ഉയർന്നതിന് പിന്നിൽ. 2019 ലാണ് മേഗൻ മകൻ ആർച്ചിയ്ക്ക് ജന്മം നൽകിയത്.
 
ജനനത്തിന് മുമ്പ് തന്നെ കുഞ്ഞിന്റെ നിറത്തിന്റെ പേരിൽ അവന് സുരക്ഷാസംവിധാനങ്ങളോ രാജകീയ പദവിയോ നിഷേധിക്കപ്പെടുമെന്ന കാര്യങ്ങൾ ഹാരി തന്നെയാണ് തന്നോട് പങ്കു വെച്ചതെന്നും മേഗൻ പറയുന്നു . 2020 ന്റെ തുടക്കത്തിൽ ഹാരിയും മേഗനും രാജകീയ പദവികൾ ഉപേക്ഷിച്ച് മകൻ ആർച്ചിക്കൊപ്പം വടക്കെ അമേരിക്കയിലേക്ക് പോയിരുന്നു . പിന്നീട് സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച മേഗൻ ആത്മസുരക്ഷക്കായാണ് അവ ഉപേക്ഷിക്കുന്നതെന്നും വാർത്തകൾ ഉണ്ടായിരുന്നു . രാജകുടുംബത്തിൽ നിന്നുള്ള ഹാരിയുടേയും മേഗന്റേയും അകൽച്ചയെ ചൊല്ലിയുള്ള കുറ്റപ്പെടുത്തലുകളും മേഗന് അനുഭവിക്കേണ്ടി വന്നു .

തന്റെ മാനസിക സംഘർഷം കുറയ്ക്കാൻ കൊട്ടാരത്തോട് മെഡിക്കൽ സഹായം ആവശ്യപ്പെട്ടപ്പോൾ തനിക്കത് നിഷേധിക്കപ്പെട്ടുവെന്നും പാസ്പോർട്ടുൾപ്പെടെയുള്ള വ്യക്തിപരമായ സംഗതികൾ പോലും ലഭ്യമായില്ലെന്നും മേഗൻ ആരോപിക്കുന്നു . അതെ സമയം വീണ്ടും ഗർഭിണിയാണെന്ന കാര്യവും പിറക്കാനിരിക്കുന്നത് മകളാണന്ന കാര്യവും അഭിമുഖത്തിൽ ഹാരിയും മേഗനും വെളിപ്പെടുത്തിയിരുന്നു . വിവാഹത്തിൽ നിന്ന് ഹാരിയെ പിന്തിരിപ്പിക്കാൻ ശ്രമം നടന്നിരുന്നതായി മേഗൻ നേരത്തെ ‘റോയൽസ് അറ്റ് വാർ ‘എന്ന പുസ്തകത്തിലൂടെ അറിയിച്ചിരുന്നു .

Related News