ബെഞ്ചമിൻ നെതന്യാഹുവും അറബ് നേതാക്കളും അബുദാബിയിൽ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി

  • 19/03/2021


അബു​ദാബി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറബ് നേതാക്കളും തമ്മിൽ അബുദാബിയിൽ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. നെതന്യാഹുവിന്റെ സമീപനത്തിൽ യുഎഇ കിരീടാവാകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ നീരസം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് തീരുമാനം.

ഇസ്രായേലിലെ വിവിധ മേഖലകളിൽ യുഎഇ 10 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുന്നുണ്ടെന്ന് നെതന്യാഹു പറഞ്ഞിരുന്നു. ഈ കരാറിന് മുൻ കൈയെടുത്തത് അബുദാബി കിരീടാവാകാശിയാണെന്ന് പറഞ്ഞതാണ് അൽ നഹ്യാനെ ചൊടിപ്പിച്ചത്. പരാമർശത്തിനു പിന്നാലെ നിക്ഷേപ നീക്കം തീർത്തും സാമ്പത്തിക വിഷയമാണെന്നും രാഷ്ട്രീയ വിഷയമല്ലെന്നും പറഞ്ഞുകൊണ്ട് യുഎഇ വ്യവസാസ മന്ത്രി സുൽത്താൻ അൽ ജാബർ രംഗത്തെത്തി.

കരാർ അതിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും ഇദ്ദേഹം പറഞ്ഞു. ഇസ്രായേൽ- യുഎഇ സമാധാന കരാറിനെ നെതന്യാഹു ഇസ്രായേലിന്റെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നു എന്നാണ് യുഎഇയുടെ പരാതി. ഇസ്രായേലിൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തിൽ യുഎഇയുമായുള്ള സമാധാന കരാർ നെതന്യാഹു വിഷയമാക്കുന്നുണ്ട്.
പിന്നാലെ യുഎഇ വിദേശകാര്യ മന്ത്രി അൻവർ ഗർഗേഷും വിഷയത്തിൽ പ്രതികരണം നടത്തി.

യുഎഇ-ഇസ്രായേൽ സമാധാന കരാർ മേഖലയിലെ സമാധാനത്തെ മുൻ നിർത്തിയുള്ളതാണെന്നും ഇസ്രായേലിന്റെ തെരഞ്ഞെടുപ്പ് വിഷയത്തിൽ യുഎഇ ഭാഗമാവില്ലെന്നും ഇദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഏപ്രിലിൽ ആണ് അബുദാബിയിൽ വെച്ച് നെതന്യാഹു കൂടിക്കാഴ്ചയിൽ പങ്കെടുക്കാനിരുന്നത്. യുഎസ് ഉദ്യോഗസ്ഥരും അറബ് രാജ്യങ്ങളിലെ വിവിധ നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

Related News