തുര്‍ക്കിയിലെ ഭൂകമ്പം: മരണസംഖ്യ 22 ആയി

  • 31/10/2020

തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 22 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 800 ഓളം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. നിരവധിപേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. രാത്രിവൈകിയും ശനിയാഴ്ച പുലര്‍ച്ചെയും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വലിയ കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചുമാറ്റിയാണ് കുടുങ്ങിയവരെ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച പടിഞ്ഞാറന്‍ പ്രവിശ്യയായ ഇസ്മിറിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമണ്ടായത്. ഗ്രീക്ക് ദ്വീപായ സമോസിലെ തുറമുഖത്ത് ചെറിയ സുനാമി ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഗ്രീസിന്റെയും തുര്‍ക്കിയുടെയും ഈജിയന്‍ തീരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 


തുര്‍ക്കിയിലെ നാശനഷ്ടങ്ങളില്‍ ഭൂരിഭാഗവും സംഭവിച്ചിരിക്കുന്നത് ഈജിയന്‍ റിസോര്‍ട്ട് നഗരമായ ഇസ്മിറിലും പരിസരത്തുമാണ്. മൂന്ന് ദശലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഒപ്പം ഉയര്‍ന്ന അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകള്‍ നിറഞ്ഞതുമാണ്. എത്രപേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിയെന്ന് വ്യക്തമല്ല. ഈജിയന്‍ ദ്വീപായ സമോസിലുണ്ടായ ചെറിയ സുനാമിയെയും ഭൂകമ്പത്തെയും തുടര്‍ന്ന് തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരത്തെ ഒരുപട്ടണത്തില്‍ നദി തന്നെ രൂപപ്പെട്ട അവസ്ഥയിലാണ്. ഗ്രീസില്‍ സമോസ് ദ്വീപില്‍ രണ്ട് കൗമാരക്കാര്‍ കെട്ടിടം തകര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി രൂപപ്പെട്ടതായും തുര്‍ക്കിയുടെ തീരദേശനഗരങ്ങളില്‍ വലിയതോതില്‍ വെള്ളം കയറിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Related News