ആരോഗ്യകരമായ ഭക്ഷണക്രമം കൊവിഡ് വേഗം സുഖപ്പെടുത്തും; അബുദാബി ആരോഗ്യവിഭാഗം

  • 14/11/2020

ആരോഗ്യകരമായ ഭക്ഷണക്രമം കൊവിഡ് വേഗം സുഖപ്പെടാൻ സഹായിക്കുമെന്ന് അബുദാബി ആരോഗ്യവിഭാഗം പഠനം. കൊവിഡ് ബാധിച്ച 18നും 60നും ഇടയിൽ പ്രായമുള്ള 1038 പേരെ നിരീക്ഷിച്ചാണ് കണ്ടെത്തൽ. കൊവിഡ് ബാധിതരുടെ ജീവിത രീതിയും ഭക്ഷണക്രമവും പ്രതിരോധശേഷിയുമാണ് പഠന വിധേയമാക്കിയത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരിൽ കൊവിഡിന്റെ തീവ്രത കുറയുകയും വേഗം സുഖപ്പെട്ട് ആശുപത്രി വിടുന്നതായി അബുദാബി ഹെൽത്ത്കെയർ ക്വാളിറ്റി വിഭാഗം മേധാവി സുമയ്യ അൽ അമെരി പറഞ്ഞു. 

രോഗപ്രതിരോധ ശേഷി കൂട്ടും വിധം പഴം, പച്ചക്കറി, ധാന്യം എന്നിവ കൃത്യമായ ഇടവേളകളിൽ കഴിക്കണം. പതിവായി വ്യായാമം ചെയ്യുകയും പുകവലി ഒഴിവാക്കുകയും ചെയ്യുന്നവരിൽ എളുപ്പം കൊവിഡ് മുക്തരാകുന്നെന്നും  അധികൃതർ വ്യക്തമാക്കി. വ്യക്തിയുടെ ഉയരവും ഭാരവും വ്യായാമവും ജീവിത ശൈലി രോഗങ്ങളും കണക്കിലെടുത്ത് ഹെൽത്ത് ഡയറ്റ് ഓരോരുത്തരിലും വ്യത്യസ്തമാകും. ഇവ ഉൾക്കൊണ്ട് ദൈനംദിന ജീവിതത്തിൽ സ്വയം ക്രമീകരണം വരുത്തിയാൽ പ്രതിരോധ ശേഷി കൂട്ടി കൊവിഡിനെ അകറ്റാമെന്ന് മുസഫ അഹല്യ ആശുപത്രിയിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ രാധിക മൊവ്വാർ പറഞ്ഞു.

Related News