എവറസ്റ്റിന്റെ ബേസ് ക്യാമ്പിൽ പർവതാരോഹകന് കൊറോണ

  • 23/04/2021

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിലെ ബേസ് ക്യാമ്പിൽ പർവതാരോഹകന് കൊറോണ സ്ഥിരീകരിച്ചു. നോർവീജിയൻ പർവതാരോഹകൻ എർലെൻഡ് നെസ്സിനാണ് വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ ലക്ഷണങ്ങൾ കണ്ടതിന് പിന്നാലെ ബേസ് ക്യാമ്പിൽ നിന്ന് പർവതാരോഹകനെ ഹെലികോപ്റ്റർ മാർഗം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി.

കൊറോണ സ്ഥിരീകരിച്ചതായും ആശുപത്രിയിൽ സുഖമായിരിക്കുന്നുവെന്നും എർലെൻഡ് നെസ് ട്വീറ്റ് ചെയ്തു. 8,000 മീറ്റർ ഉയരത്തിൽ നിന്ന് ഹെലികോപ്റ്റർ മുഖാന്തരം ആളുകളെ ഒഴിപ്പിക്കുന്നത് അസാദ്ധ്യമാണെന്നും നെസ് നോർവീജിയൻ ടി.വിയായ എൻ.ആർ.കെയോട് പറഞ്ഞു. ഇതാദ്യമായാണ് എവറസ്റ്റിൽ വെച്ച് ഒരാൾക്ക് കോവിഡ് രോഗബാധ ഉണ്ടാകുന്നത്.

അതേസമയം ബേസ് ക്യാംപിൽ നിന്നുള്ളവർ ചികിത്സ തേടിയതായി സിഐഡബ്ല്യൂഇസി ആശുപത്രി അറിയിച്ചു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ നൽകാനാകില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ പർവ്വതാരോഹർക്കിടയിൽ കൊറോണ ബാധിച്ചതായി ഇതുവരെയും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് നേപ്പാൾ ടൂറിസം വകുപ്പ് വക്താവ് മീര ആചാര്യ പറഞ്ഞു. ഏപ്രിൽ 15ന് പർവ്വതത്തിൽ നിന്ന് ഒഴിപ്പിച്ചയാൾ ന്യൂമോണിയ ബാധിതനാണെന്നാണ് ലഭിച്ച വിവരമെന്നും അവർ വ്യക്തമാക്കി.

Related News