പ്രഥമ പരിഗണന തങ്ങൾക്കെന്ന് യുഎസ്; വാക്സിൻ അസംസ്കൃതവസ്തുക്കൾ ഇന്ത്യക്ക് ലഭിക്കില്ല

  • 24/04/2021

വാഷിങ്ടൺ: കൊറോണ വാക്സിൻ നിർമിക്കുന്നത്തിന് പ്രഥമ പരിഗണന അമേരിക്കൻ ജനതയ്ക്ക് ആണെന്ന് പ്രഖ്യാപിച്ച്‌ ബൈഡൻ ഭരണകൂടം. മറ്റു രാജ്യങ്ങൾക്ക് മരുന്നു നിർമിക്കാനുള്ള അസംസ്കൃതവസ്തുക്കൾ നൽകുന്നത് അത് കഴിഞ്ഞേ പരിഗണിക്കൂവെന്നും ഭരണകൂടം വ്യക്തമാക്കി. അസംസ്കൃത വസ്തുക്കളുടെ രാജ്യത്തേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ഇക്കാര്യം അറിയിച്ചത്.

കൊറോണ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയിൽ അസംസ്കൃതവസ്തുക്കൾ ലഭിക്കാത്തത് മൂലം വാക്സിൻ നിർമാണവും മന്ദഗതിയിലാണ്. യു.എസിൽ നിന്ന് അസംസ്കൃതവസ്തുക്കൾ ഇറക്കുമതി ഇല്ലാത്തതാണ് ഇതിന്റെ പ്രധാനകാരണം. അതിനാൽ നിയന്ത്രണം നീക്കാനുള്ള ഇന്ത്യയുടെ ആവശ്യം എപ്പോൾ പരിഗണിക്കുമെന്ന ചോദ്യത്തിന് "അമേരിക്കയാണ് ആദ്യം. അമേരിക്കൻ ജനതയ്ക്ക് വാക്സിനേഷൻ വിജയകരമായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ'' -പ്രൈസ് പറഞ്ഞു.

ലോകത്ത് മറ്റേത് രാജ്യത്തെക്കാളും അമേരിക്കയെയാണ് കൊറോണ മഹാമാരി രൂക്ഷമായി ബാധിച്ചത്. ഏറ്റവുമധികം മരണവും ഇവിടെയാണ് നടക്കുന്നത്. അതിനാൽ അമേരിക്കയ്ക്കാണ് മുൻഗണന. മറ്റുള്ള രാജ്യങ്ങൾക്കുവേണ്ടിയും തങ്ങളാൽ കഴിയുന്ന സഹായം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതെ സമയം ഇന്ത്യയുടെ ആവശ്യം മനസ്സിലാക്കുന്നുവെന്നും വിഷയം പരിഗണിക്കുമെന്നും യു.എസ്. നേരത്തേ ഉറപ്പുനൽകിയിരുന്നു. അമേരിക്കയുടെ പ്രതിരോധ ഉത്പാദനനിയമ (ഡി.പി.എ.)പ്രകാരം ആഭ്യന്തര ഉപയോഗത്തിന് പ്രഥമപരിഗണന നൽകുന്നതിനാലാണ് കയറ്റുമതിയിൽ നിയന്ത്രണം വന്നതെന്നും അമേരിക്ക ഇന്ത്യയെ അറിയിച്ചിരുന്നു .

Related News