23 കാരിയായ യുവതിക്ക് ഒറ്റത്തവണ കുത്തിവെച്ചത് ആറ് ഡോസ് കൊറോണ വാക്‌സിൻ; യുവതി നിരീക്ഷണത്തിൽ

  • 11/05/2021

റോം: ഇറ്റലിയിലെ ടസ്‌കാനിയിൽ നഴ്‌സ് 23 കാരിയായ യുവതിക്ക് അബദ്ധത്തിൽ ഒറ്റത്തവണയായി ആറ് ഡോസ് കൊറോണ വാക്‌സിൻ കുത്തിവെച്ചു. ഒരു ഫൈസർ വാക്‌സിൻ കുപ്പിയിലെ മുഴുവൻ ഡോസുകളും അബദ്ധത്തിൽ നഴ്‌സ് കുത്തിവയ്ക്കുകയായിരുന്നു.

യുവതിക്ക് ഇതുവരെ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. യുവതി നിരീക്ഷണത്തിലാണെന്നും നഴ്‌സിനെതിരെ ആശുപത്രി അധികൃതർ നടപടി സ്വീകരിച്ചുവെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫൈസർ വാക്‌സിൻ ഓവർ ഡോസ് നാല് ഡോസ് വരെ പ്രശ്‌നമില്ലെന്നാണ് പഠനം.

യു.എസ്, ഓസ്‌ട്രേലിയ, ജർമ്മനി, ഇസ്രായേൽ എന്നിവിടങ്ങളിൽ ഇത്തരത്തിൽ ഓവർ ഡോസ് കുത്തിവച്ച സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. സിംഗപ്പൂരിൽ സിംഗപ്പൂർ നാഷണൽ ഐ സെൻററിലെ സ്റ്റാഫിന് അബദ്ധത്തിൽ അഞ്ച് ഡോസ് വാക്‌സിൻ കുത്തിവച്ചിട്ടുണ്ട്. ജനുവരി 14 ന് നടന്ന വാക്‌സിനേഷൻ ഡ്രൈവിനിടെയാണ് ഇത് സംഭവിച്ചത്.

വാക്‌സിനേഷൻ ടീമിലെ അംഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിലെ അപാകത മൂലമുണ്ടായ പിശകാണ് ഇതിന് കാരണമെന്ന് ഫെബ്രുവരി 6 ന് എസ്എൻസി വ്യക്തമാക്കിയിരുന്നു. ഓവർ ഡോസ് വാക്‌സിൻ സ്വീകരിച്ച ആൾക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. വാക്‌സിൻ സ്വീകരിക്കുമ്പോഴുള്ള സാധാരണ പാർശ്വഫലങ്ങളായ പനി, വേദന എന്നിവ ഉണ്ടാകുമെങ്കിലും അമിത അളവ് ദോഷകരമാകാൻ സാധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.

Related News