പത്തനംതിട്ട കാനറബാങ്കില്‍ കോടികളുടെ തട്ടിപ്പ്: ജീവനക്കാരന്‍ ഒളിവില്‍

  • 12/05/2021




പത്തനംതിട്ട: കാനറബാങ്ക് പത്തനംതിട്ട ശാഖയില്‍ നിന്നും ജീവനക്കാരന്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. സ്ഥിര നിക്ഷേപത്തില്‍ നിന്നും 8.13 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തല്‍. പത്തനംതിട്ടയിലെ കനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കായ കൊല്ലം സ്വദേശി വിജീഷ് വര്‍ഗ്ഗീസാണ് തട്ടിപ്പ് നടത്തിയതായി ബാങ്ക് നടത്തിയ ഓഡിറ്റില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 14 മാസങ്ങളായി വിവിധ സമയങ്ങളിലായാണ് ഇയാള്‍ ഇടപാട് കാരുടെ പണം മോഷ്ടിച്ചത്. പണം പിന്‍വലിക്കാത്ത ദീര്‍ഘകാല നിക്ഷേപ അക്കൗണ്ടുകളില്‍ നിന്നാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഇതിനായി ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജീഷിന്റെ തട്ടിപ്പിനെക്കുറിച്ച് അധികൃതര്‍ക്ക് ആദ്യ വിവരം ലഭിക്കുന്നത്. ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തതായിട്ടായിരുന്നു പരാതി. ഇക്കാര്യം ജീവനക്കാരന്‍ ബാങ്ക് മാനേജറെ അറിയിച്ചതോടെ പിഴവ് സംഭവിച്ചതാണെന്ന് വിജീഷ് മറുപടി നല്‍കി. ഇതേ തുടര്‍ന്ന് ബാങ്ക് നടത്തിയ ഓഡിറ്റിലാണ് വിജീഷ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.

അതേസമയം, പരാതി ഉയര്‍ന്ന ഫെബ്രുവരി മുതല്‍ വിജീഷ് കുടുംബസമേതം ഒളിവിലാണ്. ഇവരുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫാണ്. നേരത്തെ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന വിജീഷ് ഉത്തരേന്ത്യയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തില്‍ ബാങ്ക് മാനേജര്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തു. വിജേഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Related News