ഒരു 10 മിനുട്ട് സമയം കൂടി അധികം അനുവധിക്കൂ, ജേർണലിസ്റ്റുകൾക്ക് അവരുടെ സാധന സാമഗ്രികൾ എടുക്കാനുണ്ട്; അൽജസീറാ ചാനൽ പ്രവർത്തിച്ചിരുന്ന കെട്ടിടം ഇസ്രായേൽ ബോംബാക്രമണത്തിൽ തകർത്തു

  • 16/05/2021

ഗാസ: ഗാസയിലേക്ക് ഇസ്രായേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ അൽജസീറ, അസോസിയേറ്റഡ് പ്രസ് എന്നീ മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു. ഈ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന ജലാ ടവർ എന്ന കെട്ടിടമാണ് തകർന്നത്. കെട്ടിടം ആക്രമിക്കുന്നതിന് മുൻപ് കെട്ടിടമുടമയ്ക്ക് ഇസ്രായേൽ സൈന്യത്തിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണത്തിന് ഒരു മണിക്കൂർ മുൻപ് തനിക്ക് ഫോൺ കോൾ വന്നെന്നും എത്രയും പെട്ടന്ന് കെട്ടിടമൊഴിപ്പിക്കാൻ ഇസ്രായേൽ ഇന്റലിജൻസ് വകുപ്പ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയെന്നും ജലാ ടവർ ഉടമ ജാവദ് മെഹ്ദി പറഞ്ഞു.

എഎഫ്പിക്ക് ലഭിച്ച ശബ്ദ രേഖ പ്രകാരം ഒരു 10 മിനുട്ട് സമയം കൂടി തനിക്ക് അധികം അനുവധിക്കൂ ജേർണലിസ്റ്റുകൾക്ക് അവരുടെ സാധന സാമഗ്രികൾ എടുക്കാനുണ്ട് എന്ന് ഉടമ ഉദ്യോഗസ്ഥനോട് അപേക്ഷിക്കുന്നുണ്ട്.

എന്നാൽ ഇസ്രായേൽ ഉദ്യോഗസ്ഥൻ അതിന് സമ്മതം മൂളിയില്ല. അതേസമയം ഇതിനുള്ളിൽ കെട്ടിടത്തിലുളളവരെ ഒഴിപ്പിക്കാനായതിനാൽ ആളപായമില്ല. വിഷയത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകരിൽ നിന്നും രൂക്ഷ പ്രതികരണമാണുണ്ടായത്.

'ഈ ചാനിലെ നിശബ്ദമാക്കാനാവില്ല. അൽ ജസീറ നിശബ്ദമാവില്ല, അൽ ജസീറ ആങ്കർ ഹസ്സാ മൊഹ്ദീൻ ഇടറിയ വാക്കുകളോടെ പറഞ്ഞു. 11 വർഷം ജോലി ചെയ്ത ഇടം രണ്ട് നിമിഷം കൊണ്ട് ഇല്ലാതായെന്ന് അൽ ജസീറ കറസ്‌പോണ്ടന്റ് സഫദ് അൽ കഹ്ലോട് പറഞ്ഞു.

'ഞാൻ ഗാസയിലെ ഈ ഓഫീസുകളിൽ 11 വർഷമായി ജോലി ചെയ്തതാണ്. ഞാൻ നിരവധി ഇവന്റുകൾ കവർ ചെയ്തു. ഇപ്പോൾ രണ്ട് സക്കന്റ് കൊണ്ട് എല്ലാം അപ്രത്യക്ഷമായി,' അദ്ദേഹം പറഞ്ഞു.

സംഭവം ഞെട്ടിക്കുന്നതാണെന്നും ഇവിടെ തങ്ങളുടെ ബ്യൂറോ പ്രവർത്തിക്കുന്നതായി ഇസ്രായേലിന് അറിയാമായിരുന്നെന്നും അസോസിയേറ്റഡ് പ്രസ് സിഇഒ ഗാരി പ്രുട് പ്രതികരിച്ചു. ഹമാസിന്റെ ഇന്റലിജൻസ് യൂണിറ്റുകൾ ഈ ബിൽഡിംഗിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്.

Related News