'നേസൽ കൊറോണ വാക്​സിൻ' കുട്ടികളിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കും: ലോകാരോഗ്യ സംഘടന

  • 23/05/2021

ന്യൂ ഡെൽഹി: രാജ്യത്ത് 2021ൽ ലഭ്യമാകില്ലെങ്കിലും മൂക്കിലൂടെ വാക്‌സിൻ ഡോസ് സ്വീകരിക്കുന്ന ഇന്ത്യൻ നിർമിത‘ നേസൽ കൊറോണ​ വാക്​സിൻ’ കുട്ടികളിലെ കൊറോണ ​ബാധയെ പ്രതിരോധിക്കാൻ ഏറെ സഹായകമാകുമെന്ന്​ ​ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്​ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥൻ​. കൊറോണ ​മൂന്നാം തരംഗം ഇന്ത്യയിൽ കുഞ്ഞുങ്ങളെയാണ്​ ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്ന റിപ്പോർട്ടുകൾക്കിടെയാണിത് ഡോ.സൗമ്യയുടെ വെളിപ്പെടുത്തൽ.

‘ഇന്ത്യൻ നിർമിത നേസൽ വാക്സിനുകൾ കുട്ടികൾക്കുള്ള കൊറോണ​ പ്രതിരോധ മാർഗങ്ങളിലെ ചാലക ശക്​തിയാകും. ഇത്​ മൂക്കിലൂടെ ഇറ്റിച്ച്‌​ നൽകാൻ എളുപ്പമാണ്. ഇവ രോഗപ്രതിരോധശേഷി കൂട്ടും’ ശിശുരോഗ വിദഗ്​ദ കൂടിയായ ഡോ. സൗമ്യ പ്രമുഖ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി .

കൂടുതൽ മുതിർന്നവർക്ക്​, പ്രത്യേകിച്ച്‌ അധ്യാപകർക്ക് വാക്​സിൻ നൽകേണ്ടതുണ്ടെന്നും സമൂഹ വ്യാപന സാധ്യത കുറയുമ്പോൾ മാത്രമേ സ്​കൂളുകൾ വീണ്ടും തുറക്കാൻ പാടുള്ളൂ എന്നും അവർ പറഞ്ഞു. ‘ആത്യന്തികമായി ഞങ്ങൾ കുട്ടികൾക്ക് വാക്​സിൻ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഈ വർഷം അത് നടക്കില്ല. സമൂഹ വ്യാപനം കുറയുമ്പോൾ സ്കൂളുകൾ തുറക്കണം. മറ്റ് മുൻകരുതലുകൾക്കൊപ്പം ബാക്കി രാജ്യങ്ങളും അതാണ് ചെയ്തത്. അധ്യാപകർക്ക് വാക്സിനേഷൻ ചെയ്​താൽ അത് ഒരു വലിയ ചുവടുവെപ്പായിരിക്കും’ ഡോ. സൗമ്യ കൂട്ടിച്ചേർത്തു.

അതെ സമയം കുട്ടികൾ കൊറോണ​ രോഗബാധയിൽ നിന്ന് മുക്തരല്ലെന്നും എന്നാൽ ആഘാതം വളരെ കുറവാണെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘കുട്ടികൾക്ക് കൊറോണ ബാധിച്ചാൽ, ഒന്നുകിൽ രോഗലക്ഷണങ്ങൾ ഉണ്ടാകില്ല അല്ലെങ്കിൽ കുറഞ്ഞ ലക്ഷണങ്ങളുണ്ടാകും. അവരെ പൊതുവെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ല’-നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ അഭിപ്രായപ്പെട്ടു .

Related News