ജോൺസൺ ആൻഡ് ജോൺസൺ ഒറ്റഡോസ് വാക്സിന് ബ്രിട്ടനിൽ അനുമതി

  • 28/05/2021

ലണ്ടൻ: ജോൺസൺ ആൻഡ് ജോൺസൺ നിർമ്മിച്ച ഒറ്റ ഡോസ് കൊറോണ വാക്‌സിന് ബ്രിട്ടൻ അനുമതി നൽകി. ബ്രിട്ടനിൽ അനുമതി നൽകുന്ന നാലാമത്തെ കൊറോണ വാക്സിനാണിത്. ഫൈസർ, ആസ്ട്ര സെനക, മൊഡേണ വാക്‌സിനുകളാണ് ഇതിനു മുൻപ് രാജ്യത്ത് അനുമതി നൽകിയ വാക്‌സിനുകൾ. മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസിയാണ് ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്‌സിന് അനുമതി നൽകിയത്.

ഇതോടെ രാജ്യത്തെ വാക്‌സിനേഷൻ വേഗത്തിലാകുമെന്നും വൈകാതെ പഴയ സ്ഥിതിയിലേക്ക് എത്താമെന്നുമാണ് കണക്കുകൂട്ടൽ. ഒറ്റ ഡോസ് വാക്‌സീനെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വാഗതം ചെയ്തു. കൊറോണവൈറസിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഒറ്റ ഡോസ് വാക്‌സീൻ ഗുണം ചെയ്യുമെന്നും എല്ലാവരും വാക്‌സിനെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

20 ദശലക്ഷം വാക്‌സീനാണ് ബ്രിട്ടൻ ഓർഡർ നൽകിയത്. വൈറസിനെതിരെ ജോൺസൺ ആൻഡ് ജോൺസൺ ഒറ്റ ഡോസ് വാക്‌സീൻ 72 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണത്തിൽ തെളിഞ്ഞിരുന്നു. എന്നാൽ ഈ വാക്‌സീൻ സ്വീകരിക്കുന്നവരിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലറ്റ് കുറയുന്നതിനും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകണമെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി നിർദേശം നൽകി. 

Related News