നഷ്ടപരിഹാരാമായി 55 കോടി ഡോളർ വേണം : സൂയസ് കനാലിൽ കുടുങ്ങിയ കപ്പലിന്റെ ഉടമയോട് ഈജിപ്ത്

  • 31/05/2021

ടോക്കിയോ: സൂയസ് കനാലിലെ ഗതാഗതം ഒരാഴ്ച തടസ്സപ്പെടുത്തിയ ജാപ്പനീസ് കപ്പലിന്റെ ഉടമയ്ക്ക് ഈജ്പ്ഷ്യൻ അധികൃതർ 55 കോടി ഡോളർ (നാലായിരം കോടി രൂപ) നഷ്ടപരിഹാരത്തിന് നോട്ടീസ് നൽകി. എവർ ഗിവൺ എന്ന കപ്പലിന്റെ ഉടമയ്ക്കാണ് നോട്ടീസ്.

എവർ ഗിവൺ കനാലിൽ കുടുങ്ങിയതിനെത്തുടർന്ന് ഒരാഴ്ച ഗതാഗതം തടസ്സപ്പെട്ടിരുന്നു. 92 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സൂയസ് കനാൽ അതോറിറ്റിയുടെ ആദ്യ ആവശ്യം. നിലവിൽ 55 കോടിക്കാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് എൻഎച്ച്‌കെ വേൾഡ് റിപ്പോർട്ട് ചെയ്തു.

കപ്പലിനെ ഉയർത്തിയെടുക്കുന്നതിന് അറുന്നൂറു ജോലിക്കാരാണ് ശ്രമിച്ചത്. രക്ഷാപ്രവർത്തനത്തിനെത്തിയ ഒരു കപ്പൽ മുങ്ങി ഒരാൾ മരിച്ചിരുന്നു. ഇതിനുള്ള നഷ്ടപരിഹാരം ഉൾപ്പെടെയാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്ന തുക.

ജപ്പാനിലെ എഹീം മേഖലയിൽനിന്നുള്ള ഷോയി കിസൺ കൈഷയാണ് കപ്പലിന്റെ ഉടമ. 15 കോടി ഡോളർ നൽകാനാണ് ഉടമ സന്നദ്ധ പ്രകടപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ഈജിപ്ഷ്യൻ കോടതി ഉത്തരവു പ്രകാരം നഷ്ടപരിഹാരം നൽകിയാലേ എവർ ഗിവൺ കപ്പൽ കൊണ്ടുപോകാനാകു.

Related News