ഫൈസർ വാക്സിനെടുത്ത യുവാക്കളിൽ ചിലർക്ക് ഹൃദയപേശികളിൽ വീക്കം

  • 02/06/2021

ജെറുസലേം: കൊറോണ പ്രതിരോധ വാക്സിന് എതിരേ പഠന റിപ്പോർട്ട് പുറത്ത് വിട്ട് ഇസ്രായേൽ. രാജ്യത്ത് ഫൈസർ വാക്സിൻ സ്വീകരിച്ച യുവാക്കളിൽ ചിലർക്ക് മയോകാർഡിറ്റിസ് (ഹൃദയപേശികളിലുണ്ടാകുന്ന വീക്കം) റിപ്പോർട്ട് ചെയ്തതായാണ് ഇസ്രയേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ സാധാരണ റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ കൂടുതലായി വാക്സിനെടുത്തവരിൽ മാത്രം മയോകാർഡിറ്റിസ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആണ് ഫൈസർ അറിയിച്ചത്.

ഇസ്രയേലിൽ 2020 ഡിസംബറിനും 2021 മെയ്മാസത്തിനും ഇടയിൽ ഇത്തരത്തിൽ 275 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. വാക്സിൻ സ്വീകരിച്ച അമ്പതുലക്ഷം പേരിൽ മന്ത്രാലയം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 95 ശതമാനം കേസുകളും ഗുരുതരമല്ലെന്നും മയോകാർഡിറ്റിസ് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികൾ നാലുദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ ചെലവഴിച്ചിട്ടില്ലെന്നും മൂന്നു വിദഗ്ധ സമിതികൾ നടത്തിയ പഠനത്തിൽ പറയുന്നു.

16-30 വയസ്സുവരെ പ്രായമുളളവരിൽ മയോകാർഡിറ്റിസ് റിപ്പോർട്ട് ചെയ്യുന്നതും ഫൈസർ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് പഠനത്തിൽ പറയുന്നു. 16-19 നും ഇടയിൽ പ്രായമുളളവരിലാണ് കൂടുതലായി ഇതുകണ്ടുവരുന്നത്. ഇസ്രയേൽ പഠനം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എന്നാൽ അതിന് വാക്സിനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഫൈസർ അറിയിച്ചു.

പ്രതികൂല സംഭവങ്ങൾ സമഗ്രമായി അവലോകനം ചെയ്യുമെന്നും ഇസ്രയേൽ മന്ത്രാലയത്തിന്റെ വാക്സിൻ സുരക്ഷാവകുപ്പുമായി കൂടിക്കാഴ്ച നടത്തുമെന്നും ഫൈസർ അറിയിച്ചു. മയോകാർഡിറ്റിസും എംആർഎൻഎ വാക്സിനുമായി ബന്ധമുണ്ടാകാനുളള സാധ്യതയെ കുറിച്ച് പഠനം നടത്തണമെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ഉപദേശസംഘം കഴിഞ്ഞമാസം ശുപാർശ ചെയ്തിരുന്നു.

Related News