കെ-പോപ് മ്യൂസിക് നിരോധിക്കണമെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ

  • 14/06/2021

പ്രശസ്തമായ ദക്ഷിണ കൊറിയൻ സംഗീത രൂപമായ കെ-പോപിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. കെ-പോപ് 'ഒരു വിഷം കൂടിയ കാൻസർ' ആണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ഇത്തരം സംഗീതം രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുന്നു എന്നും സംസ്കാരത്തെ കളങ്കപ്പെടുത്തുന്നു എന്നും അഭിപ്രായപ്പെട്ടു. അതോടൊപ്പം ഇത്തരം പരിപാടികൾ കേൾക്കുകയും കാണുകയും ചെയ്യുന്നവർക്ക്ക് 15 വർഷം വരെ കഠിന തടവും ശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ക്യാപിറ്റലിസ്റ്റിക് (മുതലാളി വർഗ) ജീവിത രീതിക്കെതിരെയും, പാശ്ചാത്യ സംസ്കാരങ്ങൾക്കെതിരെയും ഉത്തര കൊറിയ നേരത്തെ തന്നെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

ഉത്തര കൊറിയൻ സർക്കാർ പത്രം ഈയടുത്ത് ‘മുതലാളി വർഗ സംസ്കാരം’ രാജ്യത്തേക്ക് വ്യാപിക്കുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നുവെന്ന് ദക്ഷിണ കൊറിയൻ വാർത്ത ഏജൻസിയായ യോൻഹാപ് റിപ്പോർട്ട് ചെയ്യുന്നു. ന്യൂയോർക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കെ-പോപ് മ്യൂസിക്കിന്റെ സ്വാധീനം യുവാക്കളുടെ വസ്ത്ര ധാരണ ശീലം, ഹെയർസ്റ്റൈൽ, സംസാരം, സ്വഭാവം എന്നിവയിൽ മാറ്റം വരുത്താൻ കാരണമായെന്നും ഭാവിയിൽ ഉത്തര കൊറിയ ഒരു ‘നനഞ്ഞ മതിൽ’ പോലെ തകർന്നു വീഴുമെന്നും ഉൻ അഭിപ്രായപ്പെടുന്നു.

എന്നാൽ കിം ജോംഗ് ഉന്നിന് മ്യൂസിക്കിനോടുള്ള താൽപര്യക്കുറവ് ഈയടുത്ത സംഭവിച്ച മാറ്റമാണെന്നും റിപ്പോർട്ട് പറയുന്നു. മുൻകാലങ്ങളിൽ കെ-പോപ് സംഗീതം ഇദ്ദേഹത്തിന് ഇഷ്ടമായിരുന്നുവെന്നും പല പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നുവെന്നും മാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

2018 ൽ ദക്ഷിണ കൊറിയൻ മ്യൂസിക് ബാന്റുകളായ റെഡ് വെൽവെറ്റ്, ചോ യോങ് പിൽ എന്നിവ പ്യോങ്യാങ് സന്ദർശിച്ചുവെന്നും പരിപാടി അവതരിപ്പിച്ചെന്നും ഉത്തര കൊറിയൻ വാർത്താ വിതരണ ഏജൻസിയായ KCNA റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പരിപാടിയിൽ പെങ്കെടുക്കുന്ന ആദ്യത്തെ നോർത്ത് കൊറിയൻ നേതാവായിരുന്നു കിം ജോങ് ഉൻ.

എന്നാൽ ഈയടുത്ത കാലത്തായി സൗത്ത് കൊറിയൻ പോപ്പ് സംസ്‍കാരം, കെ-ഡ്രാമ, കെ-പോപ് വീഡിയോ, സിനിമകൾ എന്നിവക്കെതിരെ കിം ജോങ് ഉൻ രംഗത്തു വരാൻ തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, സ്‌പൈക്, കളർ ചെയ്യൽ തുടങ്ങിയ ‘സോഷ്യലിസ്റ്റ് അല്ലാത്ത’ ഹെയർ സ്റ്റൈലുകളും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. നിലവിൽ 215 ഹെയർ സ്റ്റൈലുകൾ മാത്രമേ അനുവദനീയമുള്ളൂ.

കീറിയ, സ്‌കിന്നി സ്റ്റൈലിലുള്ള ജീൻസുകൾ, മുദ്രാവാക്യങ്ങൾ എഴുതിയ ടി ഷർട്ടുകൾ, മൂക്ക് കുത്തൽ തുടങ്ങിയ സ്റ്റൈലുകളും ഉത്തര കൊറിയയിൽ അനുവദനീയം അല്ല. കെ-പോപ് ബാന്റുകളായ BTS, ബ്ലാക്ക്പിങ്ക് തുടങ്ങിയവ കൂടുതൽ ജനപ്രിയമായി മാറുന്ന സാഹചര്യത്തിലാണ് പുതിയ നടപടികളുമായി ഉത്തര കൊറിയൻ അധികൃതർ രംഗത്തെത്തുന്നത്.

Related News