മോസ്‌കോയിൽ പുതിയ കൊറോണ വകഭേദം കണ്ടെത്തിയതായി സംശയം

  • 16/06/2021

മോസ്‌കോ: രാജ്യത്ത് വ്യാപിക്കുന്ന കൊറോണ 'മോസ്‌കോ വകഭേദം' തങ്ങളുടെ സ്‌പുട്‌നിക് 5 വാക്‌സിനെ പ്രതിരോധിക്കുന്നതാണോയെന്ന് പഠനം നടത്തി റഷ്യയിൽ വാക്‌സിൻ വികസിപ്പിച്ചെടുത്ത ഗമാലെയാ രോഗ ഗവേഷണ കേന്ദ്രം. റഷ്യൻ സർക്കാരിന്റെ ഔദ്യോഗിക വാർത്താമാദ്ധ്യമമായ ആർ‌ഐ‌എ നൊവോസ്‌തി ന്യൂസിനെ ഉദ്ധരിച്ച്‌ റഷ്യൻ ടൈംസ് ദിനപത്രമാണ് ഇത് റിപ്പോർട്ട് ചെയ്‌തത്. ഗമാലെയാ രോഗ ഗവേഷണ കേന്ദ്രം തലവൻ അലക്‌സാണ്ടർ ജിൻറ്റ്‌സ്‌ബർഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് സൂചന.

റഷ്യൻ തലസ്ഥാനത്ത് രോഗം വർദ്ധിക്കുന്നത് അധികൃതർ മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ വകഭേദത്തിനെതിരെ വാക്‌സിൻ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ പഠനഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ജിൻറ്റ്‌സ്ബർഗ് പറഞ്ഞു. കൊറോണ വകഭേദത്തെ കുറിച്ച്‌ വളരെ കുറച്ച്‌ വിവരങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള‌ളു.

എന്നാൽ മേയ് മാസത്തിൽ തന്നെ മോസ്‌കോയിൽ കൊറോണ വകഭേദം പടർന്നുപിടിച്ചതായാണ് 'ദി സൺ' ദിനപത്രം റിപ്പോർട്ട് ചെയ്‌തിരുന്നത്. കഴിഞ്ഞ ഞായറാഴ്‌ച മോസ്‌കോ നഗരത്തിൽ മാത്രം 7704 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ വർഷം ഡിസംബർ 24ന് ശേഷം ഇത്രയും വലിയ പ്രതിദിന വർദ്ധന ഇതാദ്യമാണ്. മോസ്‌കോയിലെ സ്ഥിതി നിരീക്ഷിക്കുകയാണെന്നും മോസ്‌കോയിൽ ഇപ്പോൾ മറ്റ് വകഭേദങ്ങളുമുണ്ടാകാമെന്നാണ് ഗമാലെയാ രോഗ ഗവേഷണ കേന്ദ്രം അധികൃതർ നൽകുന്ന നിർദ്ദേശം.

നൂറ് കണക്കിന് ആശുപത്രി കിടക്കകൾ മോസ്‌കോയിൽ സജ്ജമാക്കുന്നതായും ജനങ്ങളോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും ആവശ്യപ്പെട്ടതായി മോസ്‌കോ മേയ‌ർ സെർജി സോബ്‌യാനിൻ അറിയിച്ചു. ഞായറാഴ്‌ച മുതൽ ജനങ്ങളൊത്തുകൂടുന്ന ഇടങ്ങളെല്ലാം അടച്ചു. മദ്യശാലകളും ഹോട്ടലുകളും 11 മണിക്ക് മുൻപ് അടക്കാൻ ആവശ്യപ്പെട്ടു. കൂടുതൽ ജനങ്ങൾക്ക് വാക്‌സിനേഷൻ നടത്താൻ ശ്രമിക്കുകയാണ് നഗരഭരണകൂടം.

റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിൻ 91.6 ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞെങ്കിലും സിംഹഭാഗം പൗരന്മാർക്കും ഇപ്പോഴും വാക്‌സിൻ ലഭ്യമായിട്ടില്ല. ഇതിനുകാരണം വാക്‌സിൻ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതാണെന്ന വാദവുമുണ്ട്. ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റാ വകഭേദത്തിനെതിരെ സ്‌പുട്നിക്ക് വകഭേദം വളരെയധികം ഫലപ്രദമാണ് എന്നാൽ മുൻപത്തെ ചികിത്സാ രീതികൾ പുതിയ വകഭേദത്തിന് ഫലപ്രദമല്ലെന്നും റഷ്യയിലെ ഡോക്‌ടർമാർ സൂചിപ്പിക്കുന്നു.

Related News