ഫലസ്തീന് കോവിഡ് വാക്സിൻ ഉടൻ കൈമാറുമെന്ന് ഇസ്രയേൽ

  • 18/06/2021

ജറുസലേം: ഫലസ്തീന് 10 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ ഉടൻ കൈമാറുമെന്ന് ഇസ്രയേൽ. യുഎൻ ധാരണപ്രകാരം ഫലസ്തീന് വാക്സീൻ ലഭിക്കുമ്ബോൾ ഇസ്രയേൽ നൽകിയ ഡോസ് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് വാസ്‌കീൻ കൈമാറുന്നത്. ഇസ്രയേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസർ വാക്സീനാണ് ഫലസ്തീന് നൽകുക.

ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലിലെ പുതിയ സർക്കാരാണ് ഫലസ്തീന് വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത്. ഇസ്രയേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസർ വാക്സിനാണ് ഉടൻ കൈമാറുക. അതേ സമയം ഇത് സംബന്ധിച്ച്‌ ഫലസ്തീൻ അധികൃതരിൽ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ല.

ഇസ്രയേൽ ഫലസ്തീന് കോവിഡ് വാക്സീൻ നൽകണമെന്ന് ചില മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിൽ മുതിർന്ന 85 ശതമാനം പേർക്കും കോവിഡ് വാക്സിൻ നൽകിയിരുന്നു.

വെസ്റ്റ്ബാങ്കിലെ 3,80,000 പേർക്കും ഗസ്സയിലെ 50,000 പേർക്കും ഇതുവരെ വാക്‌സിൻ നൽകിയിട്ടുണ്ട്, ഇരുപ്രദേശത്തുമായി ഇതുവരെ 3,00,000 പേർക്കാണ് കോവിഡ് ബാധിച്ചത്. 3545 പേർ കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു. ഇസ്രയേലിൽ ജോലി ചെയ്യുന്ന വെസ്റ്റ്ബാങ്കിലെ ഒരു ലക്ഷത്തോളം ഫലസ്തീനികൾക്കും മുമ്ബ് വാക്‌സിൻ നൽകിയിരുന്നു.

ലോകത്ത് ഏറ്റവും വിജയകരമായി വാക്സിനേഷൻ പദ്ധതി നടപ്പാക്കിയത് ഇസ്രയേലാണ്. അവിടെ സ്‌കൂളുകളും ബിസിനസ് പ്രവർത്തനങ്ങളും സാധാരണ രീതിയിലാണിപ്പോൾ. മാസ് ധരിക്കണമെന്ന നിബന്ധനയും ഈ ആഴ്ചയോടെ നീക്കം ചെയ്തു.

Related News