കെ കെ ശൈലജ ടീച്ചർ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി പുരസ്‌കാര പട്ടികയിലേക്ക്

  • 19/06/2021


സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി (സിഇയു)യുടെ ഈ വര്‍ഷത്തെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക്. വെള്ളിയാഴ്ച വിയന്നയില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്.

പൊതുജനാരോഗ്യ രംഗത്തിനു നല്‍കിയ സമഗ്ര സംഭാവന വിലയിരുത്തിയാണ് പുരസ്‌കാരം. സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമാണ് സിഇയു ഓപ്പണ്‍ സൊസൈറ്റി പ്രൈസ്.

അതേസമയം രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും ആരോഗ്യമന്ത്രി കെകെ ശൈലജയെ മാറ്റി നിര്‍ത്തിയതിനെ തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ക്കായിരുന്നു വഴിയൊരുക്കിയത്. സംസ്ഥാനത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ കെകെ ശൈലജ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ നേടിയിരുന്നു. സംസ്ഥാനത്ത് പിണറായി സര്‍ക്കാരിന് അധികാര തുടര്‍ച്ച നേടാന്‍ സഹായിച്ച നിര്‍ണായക ഘടകങ്ങളില്‍ ഒന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനം.

ഇപ്പോൾ പാർട്ടി വിപ്പായാണ് കെകെ ശൈലജ തുടരുന്നത്. ഇത്തവണ സിപിഎമ്മില്‍ നിന്ന് പതിനൊന്ന് പുതുമുഖങ്ങളാണ് മന്ത്രിസഭയില്‍ എത്തിയത്. അതേസമയം, കെകെ ശൈലജയെ ഒഴിവാക്കിയതില്‍ പാര്‍ട്ടി അണികളില്‍ നിന്നു പോലും കടുത്ത വിമര്‍ശനങ്ങൾ ഉയർന്നിരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ ജോസഫ് ഇ സ്റ്റിഗ്ലിറ്റ്‌സ്, 2015ലെ സാഹിത്യനൊബേല്‍ ലഭിച്ച ലോററ്റ് സ്വെറ്റ്‌ലാന അലക്‌സിവിച്ച്, ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ് വാക്ലാവ് ഹവേല്‍ തുടങ്ങിയവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

Related News