ഇന്ത്യയിൽനിന്നുള്ള യാത്ര വിമാന വിലക്ക് കാനഡ ഒരു മാസത്തേക്ക് കൂടി നീട്ടുന്നു

  • 21/06/2021


ന്യൂഡൽഹി: രാജ്യത്തെ കൊറോണ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് കാനഡ ഒരു മാസത്തേക്ക് കൂടി നീട്ടുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം കനേഡിയൻ സർക്കാർ ഉടൻ നടത്തുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ തീരുമാനം ഇന്ത്യൻ സർക്കാരിനെ മുൻകൂട്ടി അറിയിച്ചെന്നും റിപ്പോർട്ടിലുണ്ട്. 

ഇന്ത്യയിൽ കൊറോണ കേസുകൾ ഉയരുന്നതിനു പിന്നാലെ ഏപ്രിൽ 22 മുതലാണ് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ഒരു മാസത്തേക്കാണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യയിൽ കേസുകൾ കുറയാത്തതിനെ തുടർന്ന് വീണ്ടുമൊരു 30 ദിവസത്തേക്ക് നീട്ടുകയായിരുന്നു. ഇനി വീണ്ടും ഒരു മാസത്തേക്ക് നീട്ടനാണ് കനേഡിയൻ സർക്കാരിന്റെ തീരുമാനമെന്നാണ് റിപോർട്ടുകൾ.

കൊറോണ വൈറസിന്റെ ഡെൽറ്റ വേരിയന്റിലെ നിരവധി കേസുകൾ കാനഡയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് ഇന്ത്യയിൽ നിന്നുള്ള വിലക്കേർപ്പെടുത്തിയത്. കാനഡയിലേക്ക് കേസുകൾ കൂടുന്നതും അപകടസാധ്യത വർദ്ധിക്കുന്നതിനാലും ഇവിടെ നിന്നുള്ള വിമാനങ്ങൾ എത്രയും വേഗം നിരോധിക്കണമെന്ന് പ്രവിശ്യാ സർക്കാരുകളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു.

നേരത്തേ സമാനതരത്തിൽ യുഎഇയും ഇന്ത്യയിൽനിന്നുള്ളവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വിലക്ക് പിൻവലിച്ചിരുന്നു. ഈ മാസം 23 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇയിൽ പ്രവേശിക്കാം.

Related News