ഇന്ത്യയിലേയ്ക്കോ അമേരിക്കയിലേയ്ക്കോ പോകൂ: കൊറോണ വാക്സിൻ സ്വീകരിക്കാത്തവരെ ജയിലിൽ അടയ്ക്കുമെന്ന് ഫിലിപ്പീൻസ്

  • 22/06/2021


മനില: കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവരെ ജയിലിൽ അടയ്ക്കുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടർട്ട്. വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്ക് ബലമായി വാക്സിൻ കുത്തി വെക്കുമെന്നും ഡ്യൂട്ടർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി നടന്ന ക്യാബിനറ്റ് യോഗത്തിനിടെയായിരുന്നു രാജ്യത്തെ വാക്സിനേഷൻ നിരക്ക് താഴ്ന്ന നിലയിൽ തന്നെ തുടരുന്നതിലുള്ള അമർഷം പ്രസിഡന്റ് പ്രകടിപ്പിച്ചത്.

'വാക്സിനെടുക്കാൻ താത്പര്യമില്ലെങ്കിൽ നിങ്ങൾ ഫിലിപ്പീൻസ് വിട്ടു പോകുക, ഇന്ത്യയിലോ അമേരിക്കയിലോ എവിടെ വേണമെങ്കിലും നിങ്ങൾക്ക് പോകാം. ഇവിടെ തുടരുന്നിടത്തോളം കാലം വാക്സിൻ എടുക്കുക തന്നെ വേണം'- ഡ്യൂട്ടർട്ട് പറഞ്ഞു. വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിൽ പോകാനാണോ വാക്സിനെടുക്കാനാണോ താത്പര്യമെന്ന് ചോദിക്കുമെന്നും വാക്സിൻ വേണ്ടെന്ന് മറുപടി നൽകുന്നവർക്ക് ബലമായി താൻ വാക്സിൻ കുത്തിവെക്കുമെന്നും ഡ്യൂട്ടർട്ട് കൂട്ടിച്ചേർത്തു. 

'തന്നെ തെറ്റിദ്ധരിക്കരുത്, രാജ്യം ഒരു പ്രതിസന്ധി നേരിടുന്നുണ്ട്. ഒരു ദേശീയ അടിയന്തരാവസ്ഥയുണ്ട്. നിങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ താല്‍പ്പര്യമില്ലെങ്കില്‍, ഞാന്‍ നിങ്ങളെ അറസ്റ്റ് ചെയ്യും. ഞാന്‍ വാക്‌സിന്‍ നിങ്ങളുടെ നിതംബത്തില്‍ കുത്തിവയ്ക്കും. നിങ്ങള്‍ കീടങ്ങളാണ്, രാജ്യം ഇതിനകം തന്നെ ബുദ്ധിമുട്ടുകയാണ്, നിങ്ങള്‍ ആ ബുദ്ധിമുട്ട് വര്‍ധിപ്പിക്കുകയാണ്. അതിനാല്‍ എല്ലാവരും കേള്‍ക്കുക, എന്നെ അതിന് നിര്‍ബന്ധിക്കരുത്. അത് ചെയ്യാന്‍ തനിക്ക് ശക്തമായ കൈ ഉണ്ടെന്നും' അദ്ദേഹം പറഞ്ഞു. വിവാദപരവും കാർക്കശ്യം നിറഞ്ഞതുമായ പ്രസ്താവനകളിലൂടെ സ്ഥിരമായി വാർത്തകളിൽ നിറയുന്ന രാഷ്ട്രനേതാവാണ് ഡ്യൂട്ടർട്ട്.

വാക്സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ മുൻകൂട്ടിയുള്ള നിശ്ചയപ്രകാരം മാത്രം വാക്സിൻ സ്വീകരിക്കാനെത്തുന്ന രീതി ഫിലിപ്പീൻസ് തിങ്കളാഴ്ച റദ്ദാക്കി. ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ 28,000 പേർക്ക് വാക്സിൻ എടുക്കാനുള്ള അറിയിപ്പ് നൽകിയിട്ടും 4,402 പേർ മാത്രമാണ് തലസ്ഥാനമായ മനിലയിൽ തിങ്കളാഴ്ച എത്തിച്ചേർന്നത്.

Related News