വിജയ് മല്യയുടെ യുണൈറ്റഡ് ബ്രുവറീസിലെ ഓഹരികൾ ഹൈനകെൻ വാങ്ങി

  • 24/06/2021

ന്യൂഡെൽഹി: ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്പനികളിൽ രണ്ടാമതുള്ള ഹൈനകെൻ, വിജയ് മല്യയുടെ ഓഹരികൾ വാങ്ങി. യുണൈറ്റഡ് ബ്രുവറീസിലെ 14.99 ശതമാനം ഓഹരികളാണ് വാങ്ങിയത്. ഇതോടെ കമ്പനിയിൽ ഹൈനകെന് 61.5 ശതമാനം ഓഹരികളുടെ ഉടമസ്ഥത വർധിച്ചു.

ഓഹരികൾ വാങ്ങിയത് 5825 കോടിയ്ക്കാണ്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ വഴിയാണ് ഈ ഓഹരികൾ ഹൈനകെൻ സ്വന്തമാക്കിയത്.   കൂടാതെ ബാങ്കുകളിൽ ഈടായി വെച്ചിരിക്കുന്ന ഓഹരികളും കമ്ബനി വാങ്ങിയേക്കും.

ബിയർ മാർക്കറ്റ് വിപണിയിൽ ഇന്ത്യയിലെ പാതിയും യുബിഎല്ലിന്റെ കൈവശമാണ്. അവശേഷിക്കുന്ന 11 ശതമാനം ഓഹരികൾ കൂടി വാങ്ങിയാൽ ഹൈനകെന് 72 ശതമാനം ഓഹരികൾ സ്വന്തമാകും.

കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ് കേസിനെ തുടർന്ന് രാജ്യം വിട്ട വിജയ് മല്യയുടെ പേരിലുണ്ടായിരുന്നതായിരുന്നു ഈ ഓഹരികൾ. മല്യ ലണ്ടനിലേക്ക് മുങ്ങിയതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഇദ്ദേഹത്തിന്റെ ആസ്തികൾ കണ്ടുകെട്ടിയിരുന്നു. 9000 കോടിയുടെ വായ്പാ തട്ടിപ്പിലാണ് ഇദ്ദേഹം പ്രതിയായിരിക്കുന്നത്. ഇതിന് പകരമായി ഇഡി വിജയ് മല്യയുടെ ഓഹരികൾ ബാങ്കുകൾക്ക് കൈമാറിയിരുന്നു. പിഎംഎൽഎ കോടതി നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. ഈ ഓഹരികളാണ് ഇപ്പോൾ ഹൈനകെൻ വാങ്ങുന്നത്.

Related News