ജോർജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; ഡെറിക് ഷോവിന് 22വർഷത്തെ കഠിനതടവ്

  • 26/06/2021


മിന്നാപോളിസ്: ലോകമന:സാക്ഷിയെ ഞെട്ടിച്ച ക്രൂരതയ്ക്ക് ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി. ജോർജ്ജ് ഫ്‌ലോയിഡിനെ കഴുത്തിൽ കാൽമുട്ടമർത്തി കൊലപ്പെടുത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിനെയാണ് കോടതി ശിക്ഷിച്ചത്. ഇരുപത്തിരണ്ടര വർഷത്തെ കഠിനതടവാണ് ശിക്ഷവിധിച്ചത്. ജസ്റ്റിസ് പീറ്റർ കാഹില്ലാണ് ശിക്ഷ വിധിച്ചത്. ജയിലിൽ നല്ലനടപ്പാണ് പുലർത്തുന്നതെങ്കിൽ പോലും 15 വർഷം 45 വയസ്സുകാരനായ ഡെറിക് കഴിയേണ്ടി വരും.

കറുത്തവർഗ്ഗക്കാരനായ ജോർജ്ജ് ഫ്‌ലോയിഡിനെ ഒരു കടയിലെ തർക്കത്തിന്റെ പേരിലാണ് പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത്. പത്തുമിനിറ്റോളം ഫ്‌ലോയിഡിനെ നിലത്തിട്ട് കഴുത്തിൽ കാൽമുട്ടമർത്തി പിടിച്ചാണ് പോലീസ് കീഴടക്കാൻ ശ്രമിച്ചത്. ഡെറികിന്റെ ക്രൂരതയിൽ ശ്വാസം മുട്ടിയാണ് ഫ്‌ലോയിഡ് മരണത്തിന് കീഴടങ്ങിയത്. കണ്ടു നിന്ന ഒരു വനിത മൊബൈലിൽ പകർത്തിയ ചിത്രങ്ങളാണ് നിർണ്ണായക തെളിവുകളായി മാറിയത്.കഴിഞ്ഞ വർഷമാണ് ലോകം മുഴുവൻ ബ്ലാക് ലൈവ്‌സ് മാറ്റേഴ്‌സ് എന്ന ശക്തമായ പ്രചാരണത്തിനും വംശീയപ്രക്ഷോഭങ്ങൾക്കും തുടക്കംകുറിച്ച കൊലപാതകം നടന്നത്.

തന്റെ മകൻ ഒരു വംശീയ വിദ്വേഷിയല്ലെന്നും ഔദ്യോഗിക കൃത്യനിർവ്വഹണ ത്തിനിടയിലുണ്ടായ കൈപ്പിഴയായി കണ്ട് ഇളവു ചെയ്യണമെന്നും ഡെറിക്കിന്റെ മാതാവ് കോടതിയിൽ അപേക്ഷിച്ചിരുന്നു. എന്നാൽ നീതി നടപ്പാക്കേണ്ട ഒരു വ്യക്തിയിൽ നിന്നും ഉണ്ടായത് അസാധാരണമായ കുറ്റകൃത്യമാണെന്നാണ് കോടതി വിലയിരുത്തിയത്.

Related News