ദരിദ്ര രാജ്യങ്ങളുടെ സ്ഥിതി ദയനീയം; വാക്‌സിൻ നൽകണമെന്ന് ലോക രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന

  • 26/06/2021

ജനീവ: കോവിഡ് 19നെതിരായ വാക്‌സിനേഷനിൽ ഓരോ രാജ്യങ്ങളും ശ്രദ്ധകേന്ദ്രീകരിച്ചതോടെ ദരിദ്ര രാജ്യങ്ങളുടെ നില പരുങ്ങലിലാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രെയേസൂസ്. ഇത് ലോകരാജ്യങ്ങളുടെ വീഴ്ചയാണ്. കോവിഡ് ഭീഷണി നേരിടാത്ത ചെറുപ്പക്കാർക്ക് വരെ വികസിത രാജ്യങ്ങൾ വാക്‌സിൻ നൽകുന്നു. എന്നാൽ ദരിദ്ര രാജ്യങ്ങളിൽ വലിയ ക്ഷാമമാണ് നേരിടുന്നതെന്നും ഗെബ്രെയേസൂസ് പറഞ്ഞു.

ആഫ്രിക്കയിൽ മുൻ ആഴ്ചയെ അപേക്ഷിച്ച്‌ കഴിഞ്ഞയാഴ്ചയിൽ കോവിഡ് രോഗബാധയിലും മരണത്തിലും 40 ശതമാനത്തോളം വർധനവുണ്ടായി. ഡെൽറ്റ വകഭേദം ലോകമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തിൽ അത് വളരെ ഗുരുതരമാണ്. നമ്മുടെ ലോകത്തിന് വീഴ്ചപറ്റി. ലോക സമൂഹത്തിന്റെ വീഴ്ചയാണിത്. -അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

എച്ച്‌.ഐ.വി/എയ്ഡ്‌സ് പ്രതിസന്ധി നേരിട്ട സമാനമായ അവസ്ഥയിലുടെയാണ് ആഫ്രിക്കൻ രാജ്യങ്ങൾ കടന്നുപോകുന്നത്. സങ്കീർണമായ ചികിത്സകൾക്കുള്ള ശേഷി ഈ ദരിദ്ര രാജ്യങ്ങൾക്കില്ല. വാക്‌സിന്റെ വിതരണത്തിലാണ് പ്രശ്‌നം. വാക്‌സിൻ നൽകാൻ എല്ലാവരും തയ്യാറാകണം. അദ്ദേഹം പറഞ്ഞു. എത്യോപ്യൻ സ്വദേശിയായ ഗെബ്രെയേസൂസ് വാക്‌സിൻ ക്ഷാമം നേരിടുന്ന രാജ്യങ്ങളുടെ പേര് പറയാതെയാണ് ലോകരാജ്യങ്ങളെ കുറ്റപ്പെടുത്തിയത്.

ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ഈ വ്യത്യാസം ലോകത്തിന്റെ അനീതി ഇപ്പോൾ പൂർണ്ണമായും തുറന്നുകാണിക്കുന്നു. അനീതി, അസമത്വം ഇവയാണ് നേരിടുന്നത്. വ്യവസായിക രാജ്യങ്ങളേക്കാൾ ഏറെ മെച്ചപ്പെട്ടതാണ് ചില വികസ്വര രാജ്യങ്ങൾ. കോളറ മുതൽ പോളിയോ വരെയുള്ള രോഗങ്ങൾക്കെതിരെ മെച്ചപ്പെട്ട വാക്‌സിനേഷൻ നൽകാൻ അവർക്ക് കഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടനയിലെ മറ്റൊരു മുതിർന്ന അംഗം മൈക്ക് റയാൻ പറഞ്ഞു.

'നിങ്ങളിത് ഉപയോഗിക്കില്ല എന്ന ആശങ്കയുള്ളതിനാൽ വാക്‌സിൻ നൽകില്ല എന്ന കൊളോണിയൽ മനോഭാവമാണോ ഈ മഹാമാരിയുടെ മധ്യത്തിലും വച്ചുപുലർത്തുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. കോവാക്‌സ് ലോകാരോഗ്യ സംഘടനയുമായി ചേർന്ന് 9 കോടി ഡോസ് വാക്‌സിൻ ഫെബ്രുവരി മുതൽ 132 രാജ്യങ്ങളിൽ എത്തിച്ചിരുന്നു. എന്നാൽ ഇന്ത്യ വാക്‌സിൻ കയറ്റുമതി നിർത്തിവച്ചതോടെ വിതരണത്തിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

Related News