കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ചുംബനം: യുകെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് രാജിവച്ചു

  • 27/06/2021



ലണ്ടൻ: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സുഹൃത്തും തന്റെ ഓഫീസ് ജീവനക്കാരിയുമായ സ്ത്രീയെ ചുംബിച്ച സംഭവത്തിൽ വിമർശനം നേരിടുന്ന യുകെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് രാജിവച്ചു. മുൻ ധനകാര്യമന്ത്രി സാജിദ് ജാവിദ് ചുമതലയേറ്റെടുക്കും. വിമർശനങ്ങൾ നേരിട്ടതിനെ തുടർന്ന്, പ്രധാനമന്ത്രി ബോറിസ് ജോൺസണ് അയച്ച കത്തിലാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. 

ഈ കൊവിഡ് കാലത്ത് എല്ലാം ത്യജിച്ച് സർക്കാരിന്റെ നിയന്ത്രണങ്ങളെല്ലാം പാലിച്ച ജനങ്ങളോട് കടപ്പെട്ടിരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. എന്നാൽ ഞാൻ ആ നിബന്ധനകൾ തെറ്റിച്ചു - എന്ന് അദ്ദേഹം കത്തിൽ കുറിച്ചു. ഹാൻകോക്കിനെതിരെ വാർത്തകൾ പുറത്തുവന്നതോടെ പ്രതിഷേധവും രാജിസമ്മർദ്ദവും ഉയർന്നിരുന്നു. ഹാൻകോക്കിന്റെ രാജി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷം ബോറിസ് ജോൺസണോട് ആവശ്യപ്പെട്ടിരുന്നു. 

ഹാൻകോക്കിന്റെ രാജികത്ത് ലഭിച്ചതിൽ വിഷമമുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ മികച്ചതായിരുന്നുവെന്നും ബോറിസ് ജോൺസൺ പ്രതികരിച്ചു. ഒരേസമയം ജനങ്ങളോട് കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെടുകയും ജനപ്രതിനിധികൾ അത് ലംഘിക്കുകയും ചെയ്യുന്നത് ഭരണകർത്താക്കളുടെ രണ്ട് മുഖമാണ് വ്യക്തമാക്കി തരുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. 

മെയ് ആറിന് ഹാൻകോക്ക് തന്റെ ഓഫീസ് ജീവനക്കാരിലൊരാളായ ജിന കൊലഡാഞ്ചെലോയെ ചുംബിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്താരാഷ്ട്രമാധ്യമമായ ദ സൺ ആണ് പുറത്തുവിട്ടത്. അതേസമയം അനധികൃതമായി ജിനയെ നിയമിച്ചതിലും സർക്കാർ മറുപടി നൽകണമെന്നും മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടി ആവശ്യപ്പെട്ടു. 

 

Related News